Entertainment
ചെയ്യുന്ന സിനിമകള്‍ ഹിറ്റായാലും നല്ല സംവിധായകരുടെ ലിസ്റ്റില്‍ പലരും എന്നെ ഉള്‍പ്പെടുത്താറില്ല: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 17, 09:20 am
Friday, 17th January 2025, 2:50 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്‌കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍. സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, വിശാല്‍ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദര്‍ സിയാണ്.

സുന്ദര്‍ സി സംവിധാനം ചെയ്ത മദഗജരാജ തമിഴ്‌നാട്ടില്‍ വന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2013ല്‍ ഷൂട്ട് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് റിലീസായിരുന്നില്ല. 12 വര്‍ഷങ്ങളായി പെട്ടിയിലിരുന്ന ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ സുന്ദര്‍. സി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

താന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ സാമ്പത്തികമായി ഹിറ്റാകാറുണ്ടെന്നും എന്നാല്‍ പലരുടെയും മികച്ച സംവിധായകരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകാറില്ലെന്നും സുന്ദര്‍. സി പറഞ്ഞു. ആ ഒരു കാര്യം തനിക്ക് ചെറിയ വിഷമം തരാറുണ്ടെന്നും ആരും തന്നെ പ്രശംസിക്കാറില്ലെന്നും സുന്ദര്‍. സി കൂട്ടിച്ചേര്‍ത്തു. അന്‍പേ ശിവം എന്ന സിനിമ താന്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നെന്നും ആ ചിത്രം പരാജയമായെന്നും സുന്ദര്‍. സി പറഞ്ഞു.

സിനിമ എന്നത് ഒരു ബിസിനസ്സായാണ് പലരും കാണുന്നതെന്നും അതേ കാഴ്ചപ്പാടിലാണ് താന്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുന്നതെന്നും സുന്ദര്‍. സി കൂട്ടിച്ചേര്‍ത്തു. തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ ആഘോഷമായി സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ അങ്ങനെ സംഭവിച്ചാലും തന്നെ ആരും അതിനെ പ്രശംസിക്കാറില്ലെന്നും സുന്ദര്‍. സി പറഞ്ഞു. മദഗജരാജ കണ്ട പ്രേക്ഷകര്‍ക്കും വിതരണക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സന്തോഷമാണെന്ന് അറിയുമ്പോള്‍ തൃപ്തിയായെന്നും സുന്ദര്‍. സി കൂട്ടിച്ചേര്‍ത്തു.

‘മദഗജരാജ വലിയ ഹിറ്റായി മാറിയെന്ന് കാണുമ്പോള്‍ സന്തോഷം. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ സാമ്പത്തികമായി ഹിറ്റാകാറുണ്ടെന്ന് പലരും സംസാരിക്കുന്നുണ്ട്. എന്നാല്‍ പലരുടെയും നല്ല സംവിധായകരുടെ ലിസ്റ്റില്‍ എന്റെ പേര് കാണാത്തത് ചെറിയൊരു വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. 30 വര്‍ഷമായി സംവിധാനരംഗത്ത് നില്‍ക്കുന്ന ആളാണ് ഞാന്‍.

ഇത്രയും വലിയ കരിയറിനിടയില്‍ ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. ചില സിനിമകള്‍ റിലീസായ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അത്തരത്തില്‍ ഒന്നാണ് അന്‍പേ ശിവം. അത്രമാത്രം എന്‍ജോയ് ചെയ്ത് ഒരുക്കിയ സിനിമ പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. പിന്നീട് ചെയ്ത സിനിമകളെല്ലാം കൊമേഴ്‌സ്യലി ഹിറ്റായി.

അപ്പോഴും അതിന്റെയെല്ലാം വിജയത്തില്‍ എന്റെ പേര് ആരും പറയുന്നത് കേട്ടില്ല. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കാറുണ്ട്. മദഗജരാജ എന്ന സിനിമ ഇത്രയും കാലത്തിന് ശേഷം പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ അവര്‍ അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. വിതരണക്കാര്‍ ഹാപ്പിയായി. മീഡിയാസ് ആ സിനിമയെ പുകഴ്ത്തുന്നു. ഇതെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നുന്നു,’ സുന്ദര്‍. സി പറയുന്നു.

Content Highlight: Sundar C says he felt happy for the success of Madhagajaraja Movie