അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നോ എന്ന് ചോദിച്ച് ഒരു പ്രൊഡ്യൂസര്‍ എന്റെയടുത്തേക്ക് വന്നിരുന്നു, പക്ഷേ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല: സുന്ദര്‍. സി
Entertainment
അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നോ എന്ന് ചോദിച്ച് ഒരു പ്രൊഡ്യൂസര്‍ എന്റെയടുത്തേക്ക് വന്നിരുന്നു, പക്ഷേ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 12:15 pm

സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് സുന്ദര്‍. സി. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ താന്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ മലയാള സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് വെളിപ്പെടുത്തി.

അയ്യപ്പനും കോശിയും റിലീസായ സമയത്ത് തന്നെ കണ്ടിരുന്നെന്നും ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും സുന്ദര്‍.സി പറഞ്ഞു. എന്നാല്‍ തനിക്ക് മുന്നേ മറ്റൊരു പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്‌സ് വാങ്ങിയതിനാല്‍ ചെയ്യാന്‍ പറ്റിയില്ലെന്നും സുന്ദര്‍.സി കൂട്ടിച്ചേര്‍ത്തു.

ഈയടുത്ത് അതേ പ്രൊഡ്യൂസര്‍ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നോ എന്ന് ചോദിച്ച് വന്നിരുന്നുവെന്നും അപ്പോഴേക്ക് ആ സിനിമയില്‍ തനിക്കുള്ള താത്പര്യം പോയെന്നും സുന്ദര്‍. സി പറഞ്ഞു. ഏതെങ്കിലുമൊരു മലയാള സിനിമ കണ്ട് അത് റീമേക്ക് ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അയ്യപ്പനും കോശിയും സിനിമ കണ്ടപ്പോള്‍ അത് തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. ആ സിനിമ തിയേറ്റില്‍ നിന്ന് കണ്ടപ്പോള്‍ തന്നെ അത് തീരുമാനിച്ചതായിരുന്നു. എന്നാല്‍ എന്നെക്കാള്‍ മുന്നേ മറ്റൊരു പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്‌സ് വാങ്ങി. അതോടുകൂടെ ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങി.

ഈയടുത്ത് റൈറ്റ്‌സ് വാങ്ങിയ ആ പ്രൊഡ്യൂസര്‍ എന്നോട് അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു, റൈറ്റ്‌സ് തിരിച്ചുതരാനും അയാള്‍ തയാറായിരുന്നു. എന്നാല്‍ എനിക്ക് താത്പര്യമില്ലായിരുന്നു. കാരണം, സിനിമ എന്നു പറഞ്ഞാല്‍ ഭക്ഷണം പോലെയാണ്. ചൂടോടെ കഴിക്കണം, ആ ചൂട് പോയാല്‍ പിന്നെ കഴിക്കാന്‍ തോന്നില്ല,’ സുന്ദര്‍. സി പറഞ്ഞു

നേരത്തെ, സംവിധായകന്‍ ലോകേഷ് കനകരാജും ഒരു അഭിമുഖത്തില്‍ അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Content Highlight: Director Sundar C saying that he wish to remake Ayyappanum Koshiyum in Tamil and it did not happened