എന്റെ സിനിമയില്‍ നിന്ന് നീ കോപ്പിയടിച്ചല്ലേ എന്ന് പ്രിയദര്‍ശന്‍ സാര്‍ എന്നെ വിളിച്ച് ചോദിക്കാറുണ്ട്: സുന്ദര്‍. സി
Entertainment
എന്റെ സിനിമയില്‍ നിന്ന് നീ കോപ്പിയടിച്ചല്ലേ എന്ന് പ്രിയദര്‍ശന്‍ സാര്‍ എന്നെ വിളിച്ച് ചോദിക്കാറുണ്ട്: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 8:11 am

താന്‍ കുട്ടിക്കാലത്ത് കൂടുതലും കണ്ടത് മലയാള സിനിമകളായിരുന്നെന്ന് നടനും സംവിധായകനുമായ സുന്ദര്‍. സി. തന്റെ നാട് കോയമ്പത്തൂര്‍ ആയതിനാല്‍ അവിടെ മലയാള സിനിമകള്‍ റിലീസാകാറുണ്ടായിരുന്നെന്നും ആ സമയത്ത് പ്രിയദര്‍ശന്റെ സിനിമകളൊക്കെ കൂടുതലായി കാണാറുണ്ടെന്നും സുന്ദര്‍. സി പറഞ്ഞു. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍, ശ്രീനിവാസന്‍- മോഹന്‍ലാല്‍ കോമ്പോ സ്‌ട്രോങ്ങായി നിന്ന 80കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും ഇറങ്ങിയ സിനിമകള്‍ പലതും താന്‍ കണ്ടിട്ടുണ്ടെന്ന് സുന്ദര്‍. സി പറഞ്ഞു. തന്റെ പല സിനിമകളിലും അതിന്റെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാവാറുണ്ടെന്നും പ്രിയദര്‍ശന്‍ അത് കണ്ടിട്ട് തന്നെ വിളിച്ച് തമാശയായിട്ട് ഈ സിനിമയില്‍ നിന്ന് കോപ്പിയടിച്ചില്ലേ എന്ന് ചോദിക്കാറുണ്ടെന്നും സുന്ദര്‍ പറഞ്ഞു.

‘എന്റെ നാട് കോയമ്പത്തൂരാണ്, അവിടെ ഇഷ്ടം പോലെ മലയാള സിനിമകള്‍ റിലീസാകും. എന്റെ കുട്ടിക്കാലത്ത് കൂടുതലും മലയാള സിനിമകളാണ് കണ്ടിട്ടുള്ളത്. 80കളുടെ അവസാനവും 90കളുടെ തുടക്കവുമൊക്കെ നോക്കിയാല്‍ പ്രയദര്‍ശന്‍- മോഹന്‍ലാല്‍ കോമ്പോയിലെ സിനിമകളൊക്കെ കൂടുതലായി ഇറങ്ങിയിരുന്നു. ആ സമയത്ത് മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും പീക്കിലേക്ക് വരുന്ന സമയമായിരുന്നു.

ഞാന്‍ ഈ സിനിമകളൊക്കെ കൂടുതലായി കണ്ടിരുന്നു. അതില്‍ നോക്കിയാല്‍ പ്രിയദര്‍ശന്‍ സാറിന്റെ സിനിമകളുടെ ഒരു ഇന്‍ഫ്‌ളുവന്‍സ് എന്റെ മിക്ക സിനിമകളിലും കാണാന്‍ സാധിക്കും. ഇത് കണ്ടിട്ട് പ്രിയന്‍ സാര്‍ എന്നെ വിളിച്ചിട്ട് തമാശയായി ചോദിക്കാറുണ്ട്, ‘ഡേയ്, ഈ സിനിമയില്‍ നിന്ന് നീ കോപ്പിയടിച്ചല്ലേ’ എന്ന്. മലയാള സിനിമയുമായി എനിക്കുള്ള ബന്ധം അതൊക്കെയാണ്,’ സുന്ദര്‍. സി പറഞ്ഞു.

Content Highlight: Sundar C admits that most of his movies have influenced from Priyadarshan movies