[]ന്യൂദല്‍ഹി: എം.പി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുനന്ദയ്ക്ക് മാരക അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍പ്രാക്‌സ് ഗുളികകള്‍ മാരകമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അല്‍പ്രാക്‌സ് ഗുളികകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്ന് ആദ്യം പറഞ്ഞിരുന്നു. അമിത മരുന്നുപയോഗമല്ല മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇംഗ്ലീഷ് ചാനലായ ന്യൂസ് എക്‌സാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. സുനന്ദയുടെ ക്ഡ്‌നി, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും, സാധാരണരീതിയില്‍ അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ശ്വാസ കോശത്തില്‍ രക്തം കട്ടപിടിച്ചിരുന്നതായും സുനന്ദയ്ക്ക് സാധാരണയിലും നാല് കിലോഗ്രം അധികം ഭാരമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മുമ്പ് സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തണം എന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ സമീപിച്ചിരുന്നതായി ഡോക്ടര്‍ സുധീര്‍ ഗുപ്ത മുമ്പ് ആരോപിച്ചിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി നവംബര്‍ 15നുള്ളില്‍ ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
മരണത്തെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുന്ന ആന്തരികാവയവ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും വിഷം കുത്തിവച്ചാണ് മരണം എന്നതിനാല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സുബ്രമണ്യം സ്വാമി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ സി.ബി.ഐയിലെയും റോയിലെയും ഐ.ബിയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.