സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന്റെ പരാതി പുറത്ത്
Daily News
സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന്റെ പരാതി പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th January 2015, 5:13 pm

tharoor01ന്യൂദല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പുറത്ത്. സുനന്ദക്കേസിലെ അന്വേഷണത്തിനെതിരെ തരൂര്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

നവംബര്‍ 12 നാണ് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിക്ക് തരൂര്‍ പരാതി നല്‍കിയിരുന്നത്. തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും തന്നെ കേസില്‍ പ്രതിയാക്കാന്‍ കേസന്വേഷിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെന്നും ശശി തരൂര്‍ കത്തില്‍ ആരോപിക്കുന്നു.

തന്റെ ജോലിക്കാരനായ നാരായണ്‍ സിങിനെ തനിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുകയാണെന്നും പീഡിപ്പിക്കുന്ന തരത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പെരുമാറുന്നതെന്നും തരൂര്‍ കത്തില്‍ പറയുന്നു. നാരായണ്‍ സിങിനെ ചോദ്യം ചെയ്ത ദിവസവും സമയും എടുത്ത് പറഞ്ഞാണ് തരൂര്‍ പരാതി നല്‍കിയിരിക്കുിന്നത്.

നവംബര്‍ ഏഴിനും എട്ടിനും നാരായണ്‍ സിങിനെ ചോദ്യം ചെയ്‌തെന്നാണ് കത്തില്‍ പറയുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്നുള്ള വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

സുധാര്യമായ ഏതൊരന്വേഷണത്തോടും സഹകരിക്കും  എന്നായിരുന്നു ശശി തരൂര്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകമാണെന്ന് വാര്‍ത്ത പുറത്ത് വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശശി തരൂര്‍ ഇങ്ങനെ ഒരു കത്ത് എഴുതി എന്നുള്ളത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെയ്ക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേസിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ മേലില്‍ ഉണ്ടായിരുന്നുവെന്നാണ് കത്ത് സൂചിപ്പിക്കുന്നത്. സ്വാഭാവികമായും കത്തിനെക്കുറിച്ചും വരും ദിവസങ്ങളില്‍ അന്വേഷണമുണ്ടാകുമെന്നാണ് കരുതുന്നത്.

സുനന്ദ പുഷ്‌കര്‍ വധം അന്വേഷിക്കുന്നതിനായി ദല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണത്തിനായി സൗത്ത് ഡി.സി.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എയിംസിലെ മെഡിക്കല്‍ സംഘം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ശശിതരൂരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിനായിരുന്നു ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എയിംസില്‍ വച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നത് കണ്ടെത്തിയിരുന്നത്. സുന്ദയുടെ മരണം കൊലപാതകമാണെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

തരൂരിനെ പൂര്‍ണ്ണമായും വിശുദ്ധനാക്കാനുള്ള നീക്കമായിരുന്നു കോണ്‍ഗ്രസ് നടത്തിയിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്രയും വെളിപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.