| Monday, 12th March 2018, 6:38 pm

സുനന്ദാ പുഷ്‌കറിന്റെ മരണം കൊലപാതകം; അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു എന്ന് രഹസ്യ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ മരണം ആത്മഹത്യയല്ലെന്ന് റിപ്പോര്‍ട്ട്. സുനന്ദാ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്നും ഈ വിവരം കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു എന്നും ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താത്ത കേസില്‍ രഹസ്യമാക്കിവച്ചിരുന്ന ഒരു പൊലീസ് റിപ്പോര്‍ട്ടിലാണ് സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍.

2014, ജനിവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍വച്ച് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ഥലം സന്ദര്‍ശിച്ച വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്റ്റ്രേറ്റ് (എസ്.ഡി.എം) ഇതൊരു ആത്മഹത്യയല്ല എന്ന് നിരീക്ഷിച്ചതായി അന്നത്തെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എസ്. ജെയ്‌സ്‌വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട്, എസ്.ഡി.എം. ഇടപെട്ട് അന്വേഷണത്തിന്റെ ഉത്തരവാദിത്ത്വം സരോജിനി നഗര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ (എസ്.എച്.ഒ) ഏല്‍പ്പിച്ചു.

അല്‍പ്രസോലം എന്ന ഉറക്കമരുന്നു മൂലം ഏറ്റ വിഷബാധയാണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലെ പരിക്കുകളില്‍ ഇന്‍ജക്ഷന്‍ മാര്‍ക്കിന്റേതായ ഒന്നൊഴിച്ച് മറ്റൊന്നും മരണകാരണത്തിലേക്ക് നയിക്കാനിടയില്ലാത്ത ആഴം കുറഞ്ഞവയാണ്. ദന്തക്ഷതമേറ്റ പാടും ഇതില്‍ പെടുന്നു. പരിക്കുകളില്‍ 12 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ പഴക്കം വന്നവയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പ് പിടിവലി നടന്നതായും ശരീരത്തിലെ പരിക്കുകള്‍ വ്യക്തമാക്കുന്നു. സുനന്ദാ പുഷ്‌കറും ശശി തരൂരും തമ്മില്‍ പിടിവലി നടന്നതായി അവരുടെ സഹായി നരേന്‍ സിംഗ് നല്‍കിയ മൊഴിയെ ഉറപ്പാക്കുന്നതാണ് ഇതെന്ന് അന്നത്തെ സതേണ്‍ ദല്‍ഹി റേഞ്ച് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗിയക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ റിപ്പേര്‍ട്ട് പിന്നീട് ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി.


Must Read: കര്‍ഷക രോഷത്തിനു മുമ്പില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം


മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടും ആന്വേഷണം പുരോഗമിക്കാത്തതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷമാണ് കൊലപാതകം കാരണമാക്കിക്കൊണ്ട് എഫ്.ഐ.ആര്‍. രെജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ആന്വേഷണം രണ്ടു വര്‍ഷത്തോളം പിന്നെയും നീണ്ടു. സുനന്ദാ പുഷ്‌കറിന്റേത് കൊലപാതകമാണെന്ന് ആദ്യ ദിവസത്തെ അന്വേഷണം തൊട്ടുതന്നെ വ്യക്തമായിരുന്നു എന്ന് മുന്‍പ് കേസന്വേഷണത്തിന്റെ ഭാഗമായിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും പറഞ്ഞതായി ഡി.എന്‍.എ.യുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more