| Wednesday, 7th January 2015, 12:54 pm

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് എയിംസ് ഫോറന്‍സിക് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് എയിംസ് ഫോറന്‍സിക് മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്ത. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളത്. ഇത് കൊലപാതകമാണോ അല്ലയോ എന്നുള്ള കാര്യം പോലീസാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സുധീര്‍ ഗുപ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് കമ്മീഷനും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനം അദ്ദേഹം പരാതി നല്‍കിയിരുന്നു.

സുനന്ദപുഷ്‌കറിന്റെ മരണം സംബന്ധിച്ച് ഒരു വര്‍ഷം തികയാനിരിക്കെയാണ്  കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിനായിരുന്നു ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

നേരത്തെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന്  വിവിധ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നിലവില്‍ സുനന്ദയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന വിദേശത്ത് നടത്തുന്നതിനുള്ള നടപടികള്‍ ദില്ലി പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്യുന്നതിനടക്കം ആവശ്യമെങ്കില്‍ കേരളത്തിലേക്ക് പുറപ്പെടുമെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. കേസന്വേഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more