| Saturday, 7th July 2018, 10:25 am

സുനന്ദകേസ്; ശശി തരൂരിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ സുന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ജാമ്യം. മുംബൈ പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കുന്നതിനെ പൊലീസ് ശക്തമായി എതിര്‍ത്തെങ്കിലും ജാമ്യം നിഷേധിക്കാനാവില്ലെന്ന് കോടതി പറയുകയായിരുന്നു.

കുറ്റപത്രത്തിന്റെ പകർപ്പ് തരൂരിന് നൽകി. കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്ന് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു.  കേസിലെ ആദ്യ അന്വേഷണ സംഘത്തെ പറ്റി നടത്തിയ വിജലൻസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നല്‍കണമെന്നും സുബ്രഹ്മണ്യസ്വാമി ആവശ്യപ്പെട്ടു. ആവശ്യത്തിൽ കോടതി പോലീസിന്റെ നിലപാട് ചോദിച്ചു. ജൂലൈ 26 നു 2 മണിക്ക് കേസ് വീണ്ടും പരിഗണിക്കും

തരൂരിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഈ മാസം ഏഴിന് തരൂര്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ട പ്രകാരമാണ് ശശി തരൂര്‍ കോടതിയില്‍ ഹാജരായത്.


പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ഗുരുതര പരാതിയുമായി 15 കാരിയായ പെണ്‍കുട്ടി


3000 പേജുള്ള കുറ്റപത്രമായിരുന്നു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നത്. നേരത്തെ ശശി തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറായിരുന്നു വിധി പറഞ്ഞത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവയ്ക്കണം, അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി പറഞ്ഞിരുന്നു.

ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നല്‍കിയാല്‍ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചത്.

വിദേശത്തേക്ക് ഉള്‍പ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.

എന്നാല്‍, മുന്‍പു പറഞ്ഞതിനു വിരുദ്ധമായാണു പൊലീസ് ഇപ്പോള്‍ വാദിക്കുന്നതെന്നു ശശി തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയും ചൂണ്ടിക്കാട്ടി.

അദ്ദേഹം അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്നു കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ബോധിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more