| Thursday, 21st June 2012, 10:34 am

കിനാലൂര്‍ സമരത്തില്‍ പങ്കെടുത്ത 60 പേര്‍ക്ക് സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലുശ്ശേരി: കിനാലൂര്‍ നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സ്. സമരത്തില്‍ പങ്കെടുത്ത 60 പേര്‍ക്ക് പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ഇന്നും നാളെയുമായി കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

2010 മേയ് ആറിന് കിനാലൂരില്‍നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത 150ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വിവിധ വകുപ്പുകളില്‍ നാല് കേസുകളുണ്ടായിരുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 60 പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഒരു കേസില്‍ 35 പേര്‍ക്കും മറ്റൊരു കേസില്‍ 25 പേര്‍ക്കുമാണ് സമന്‍സ് കിട്ടിയത്.

എല്ലാവരും മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.  സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി അടക്കം 28 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ സമരക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൂടാതെ കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നതായി കാണിച്ച് കൊയിലാണ്ടി തഹസില്‍ദാറും കേസെടുത്തിട്ടുണ്ട്.

നേരത്തെ സമരം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയടക്കം യു.ഡി.എഫ് നേതാക്കള്‍ കിനാലൂരിലെത്തി സമരക്കാര്‍ക്ക് നിയമപരിരക്ഷ വാഗ്ദാനം ചെയ്തു.  എന്നാല്‍ കിനാലൂര്‍ സമരം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യാതൊരു നീക്കവും യു.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് നാട്ടുകാര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജിലും അക്രമങ്ങളിലും പരിക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more