സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുമ്പോള്‍ റയല്‍ മാഡ്രിഡ് നോട്ടമിടുന്ന രണ്ട് താരങ്ങള്‍ ഇവര്‍
Football
സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുമ്പോള്‍ റയല്‍ മാഡ്രിഡ് നോട്ടമിടുന്ന രണ്ട് താരങ്ങള്‍ ഇവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th May 2023, 4:05 pm

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. താരങ്ങളുടെ കൂടുമാറ്റത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നത് വരെ ഊഹാപോഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്നതാണ് സത്യം.

ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റയല്‍ മാഡ്രിഡ് ടാര്‍ഗെറ്റുകളെ കുറിച്ച് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. കിലിയന്‍ എംബാപ്പെക്കും എര്‍ലിങ് ഹാലണ്ടിനുമായി റയല്‍ മാഡ്രിഡ് എല്ലായിപ്പോഴും അവരുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലോസ് ബ്ലാങ്കോസ് ലക്ഷ്യമിട്ടിരുന്ന താരമാണ് കിലിയന്‍ എംബാപ്പെ. താരത്തെ സ്വന്തമാക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നെങ്കിലും പി.എസ്.ജിയുമായി കരാര്‍ പുതുക്കാനായിരുന്നു എംബാപ്പെയുടെ തീരുമാനം.

ഉദ്ദേശം നടക്കാതെ വന്നപ്പോള്‍ ഹാലണ്ടിനെ സ്വന്തമാക്കാമെന്നായി റയല്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി അതിനകം ഹാലണ്ടിനെ റാഞ്ചിക്കൊണ്ടുപോയിരുന്നു.
എംബാപ്പേക്കും ഹാലണ്ടിനും നേരെയുള്ള റയലിന്റെ നോട്ടം അപ്പോഴും നിലച്ചില്ലായിരുന്നു.

റയല്‍ മാഡ്രിഡ് ഇരു താരങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടരുമെന്നാണ് ആര്‍.എം.സി സ്പോര്‍ട് റിപ്പോര്‍ട്ട്. ഇരുവരും മികച്ച പ്രകടനമാണ് തങ്ങളുടെ ക്ലബ്ബുകള്‍ക്കായി കാഴ്ചവെക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാലണ്ട് 52 ഗോള്‍ നേടിയപ്പോള്‍ 30 ഗോളുകളാണ് പി.എസ്.ജി താരം തന്റെ ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്.

മികച്ച താരനിരയുണ്ടെങ്കിലും എംബാപ്പെയെ ചുറ്റിപ്പറ്റിയാണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്. ബുദ്ധിശാലിയായ താരം പാരീസിയന്‍ ക്ലബ്ബിന്റെ നിര്‍ണായക താരങ്ങളില്‍ പ്രധാനിയാണ്. ഒരു മത്സരത്തില്‍ ഒരു ഗോളെങ്കിലും നേടുക എന്നതാണ് ഹാലണ്ടിന്റെ ശീലം. മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയതിന് ശേഷവും ഗോളുകള്‍ വാരിക്കൂട്ടി കയ്യടി നേടുന്ന ഹാലണ്ടിനെ പോലുള്ള താരത്തിന് വേണ്ടി ക്ലബ്ബുകള്‍ കണ്ണുവെക്കുന്നതില്‍ സംശയമൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights: Summer transfer tragets of Real Madrid