ന്യൂദല്‍ഹി: വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍.
തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നുവെന്ന് സുമിത്ര ചോദിച്ചു. കുറഞ്ഞപക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും ശശി തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന് അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് അനുശോചന സന്ദേശം അയച്ച് ശശി തരൂര്‍ രംഗത്തെത്തിയത്.
എന്നാല്‍ സുമിത്ര മഹാജന് യാതൊരു കുഴപ്പമില്ലെന്ന വിശദീകരണവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന്‍ അന്തരിച്ചെന്ന് തെറ്റിദ്ധരിച്ച് തരൂര്‍ അനുശോചന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വിഷയത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തുകയായിരുന്നു. സുമിത്ര മഹാജന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ട്വീറ്റ് വ്യാജമാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ താന്‍ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്തയെന്നാണ് കരുതിയതെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ലോക്‌സഭാ സ്പീക്കറായ സുമിത്ര മഹാജന്‍ 1989 മുതല്‍ 2019 വരെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. 2014 മുതല്‍ 2019 വരെ ഇന്ത്യയുടെ ലോക്‌സഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sumitra Mahajan Slams Shasi Tharoor