ബിഗ് ബിക്ക് ശേഷം ആരും എന്നെ സിനിമയിലേക്ക് ക്ഷണിച്ചിട്ടില്ല: സുമിത് നവൽ
Entertainment
ബിഗ് ബിക്ക് ശേഷം ആരും എന്നെ സിനിമയിലേക്ക് ക്ഷണിച്ചിട്ടില്ല: സുമിത് നവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th July 2023, 6:21 pm

ബിഗ് ബി സിനിമയിലെ ‘ബിജോ എന്ന ഇളയ ചെക്കനെ’ മലയാളി പ്രേക്ഷകർ അത്രപെട്ടെന്നൊന്നും മറക്കില്ല. എന്നാൽ ബിഗ് ബിക്ക് ശേഷം അദ്ദേഹത്തെ ഒരു ചിത്രങ്ങളിലും കാണാൻ സാധിച്ചിട്ടില്ല. തന്റെ നീണ്ട നാളത്തെ ഇടവേളയെപ്പറ്റി സംസാരിക്കുകയാണ് സുമിത് നവൽ.

ബിഗ് ബിക്ക് ശേഷം തനിക്ക് കൂടുതൽ ഓഫറുകൾ സിനിമയിൽ കിട്ടിയില്ലെന്ന് സുമിത് നവൽ പറഞ്ഞു. താൻ സിനിമകൾ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിൽപ്പെട്ട് പോയിരുന്നെന്നും മലയാള ഭാഷ പഠിക്കുന്നത് അൽപം ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബിക്ക് ശേഷം എന്തുകൊണ്ടാണ് സിനിമകളിൽ കാണാതിരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുമിത്.

‘ബിഗ് ബിക്ക് ശേഷം എനിക്ക് മറ്റ് സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുകൾ കിട്ടിയിട്ടില്ല. ചെറിയ റോളുകൾ ഒക്കെ കിട്ടിയിരുന്നു. പിന്നീട് ഞാൻ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ തിരക്കിലായി.

ഭാഷ എപ്പോഴും എനിക്കൊരു പ്രശ്നമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ ഭാഷ പഠിക്കാൻ ശ്രമിച്ചു. മലയാളം പഠിക്കാൻ വളരെ ബുദ്ധിമുട്ടായി തോന്നി,’സുമിത് നവൽ പറഞ്ഞു.

തന്നെ ആളുകൾ ബിജോയ് ജോൺ കുരിശിങ്കൽ എന്ന് പറഞ്ഞാൽ മാത്രമാണ് അറിയുകയുള്ളുവെന്നും പേര് മാറ്റേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് തോന്നുന്നു ഞാൻ എന്റെ പേര് മാറ്റണമെന്ന്. കാരണം ബിജോയ് ജോൺ കുരിശിങ്കൽ എന്ന് പറഞ്ഞാൽ മാത്രമാണ് ആളുകൾ എന്നെ അറിയൂ. സുമിത് എന്ന പേര് ആർക്കും അറിയില്ല.

ആ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്. എല്ലാ അഭിനേതാക്കൾക്കും അവരുടെ ആദ്യ സിനിമയിലെ പേരിൽ അറിയപ്പെടുന്നത് അഭിമാന നിമിഷമാണ്, എനിക്ക് മാത്രമല്ല. ആളുകൾ എന്നെ ബിജോയ് എന്ന് വിളിക്കുമ്പോൾ വളരെ സ്‌പെഷ്യൽ ആയി തോന്നാറുണ്ട്,’ സുമിത് നവൽ പറഞ്ഞു.

Content Highlights: Sumith Naval on Big B movie