ബിഗ് ബി എന്ന ചിത്രത്തിൽ താൻ മരിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ സുമിത് നവൽ.
ബോധരഹിതനായി വീഴുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് തനിക്ക് കണ്ണടയ്ക്കാൻ പറ്റിയില്ലെന്നും മമ്മൂട്ടി വിരലുകൾ കൊണ്ട് തന്റെ കണ്ണുകൾ അടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി അത് പെട്ടെന്ന് ചെയ്തതാണെന്നും ആ സീൻ ചെയ്യാൻ അദ്ദേഹം തന്നെ സഹായിക്കുകയായിരുന്നെനും മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ബിഗ് ബിയിൽ ഞാൻ മരിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി. ഗൺ ഷോട്ട് കൊള്ളുമ്പോൾ ഞാൻ കണ്ണ് തുറന്നുപിടിച്ച് പുറകോട്ട് വീഴും. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് കണ്ണടയ്ക്കാൻ പറ്റിയില്ല. കാരണം ഞാൻ വിറക്കുകയായിരുന്നു.
ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവസാനം മമ്മൂക്കക്ക് മനസിലായി ഇയാൾ ഇപ്പോൾ കണ്ണൊന്നും അടക്കാൻ പോകുന്നില്ലെന്ന്.
അദ്ദേഹം തന്നെ വിരലുകൾ കൊണ്ട് എന്റെ കണ്ണുകൾ മൂടുകയായിരുന്നു. സത്യത്തിൽ എന്നെ സഹായിക്കുകയായിരുന്നു. അത് പെട്ടെന്നുണ്ടായ ഒരു റിയാക്ഷൻ ആയിരുന്നു.
ഷൂട്ടിനിടയിൽ താൻ വീഴാൻ പോയ രംഗത്തെപ്പറ്റിയും സുമിത് പറഞ്ഞു. അപ്പോഴും മമ്മൂട്ടി തന്നെ വീഴാതെ പിടിക്കുന്നുണ്ടെന്നും ബിഗ് ബിയിൽ തനിക്ക് ധാരാളം റീടേക്കുകൾ വേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ഒരു ഫൈറ്റ് രംഗം ഷൂട്ട് ചെയ്യാൻ പോയപ്പോഴും ധാരാളം രസകരമായ അനുഭവങ്ങൾ ഉണ്ടായി. ഒരാളെ ഇടിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ ഞാൻ മുന്നോട്ട് വീഴാൻ പോയി. മമ്മൂക്ക പെട്ടെന്ന് ഡ്രെസ്സിൽ പിടിച്ച് വലിച്ച് എന്നെ നേരെ നിർത്തി. അദ്ദേഹത്തിന് അപ്പോൾ തന്നെ മനസിലായി അല്ലെങ്കിൽ ഞാൻ താഴെ വീഴുമായിരുന്നെന്ന്.
ഈ ചിത്രത്തിൽ ഞാൻ ധാരാളം റീടേക്കുകൾ എടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ എടുത്തിരിക്കുന്നത് മരിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ ആണ്,’ സുമിത് പറഞ്ഞു.
Content Highlights: Sumith Naval on Big B fight Scene