|

ബിഗ് ബിയില്‍ നിന്ന് ബസൂക്കയിലെത്തിയപ്പോള്‍ മമ്മൂക്കയെക്കുറിച്ച് തോന്നിയ ഒരു കാര്യം അതാണ്: സുമിത് നവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കും ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ബിഗ് ബിയിലൂടെ ശ്രദ്ധേയനായ സുമിത് നവലും ബസൂക്കയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബിഗ് ബിയിലൂടെ സിനിമാരംഗത്തേക്കെത്തിയ സുമിത് സീനീയേഴ്‌സ്, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, സി.ഐ.എ എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 18 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുമായി സുമിത് ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. ബിഗ് ബിയില്‍ നിന്ന് ബസൂക്കയിലേക്കെത്തുമ്പോള്‍ മമ്മൂട്ടിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറയുകയാണ് സുമിത് നവല്‍.

ബിഗ് ബിയില്‍ കണ്ട അതേ ചെറുപ്പം തന്നെയായിരുന്നു മമ്മൂട്ടിക്കെന്നും തനിക്ക് അത് കണ്ട് അത്ഭുതമായെന്നും സുമിത് നവല്‍ പറഞ്ഞു. മമ്മൂട്ടി സെറ്റിലുള്ളപ്പോള്‍ എല്ലാവരിലും ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാകുമായിരുന്നെന്നും അത് മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണെന്നും സുമിത് കൂട്ടിച്ചേര്‍ത്തു. എല്ലവരും മമ്മൂട്ടിയുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത് ആ പോസിറ്റീവ് എനര്‍ജിയാണെന്നും സുമിത് നവല്‍ പറയുന്നു.

കഴിഞ്ഞ 18 വര്‍ഷമായി മമ്മൂട്ടി തന്റെ ബിഗ് ബിയാണെന്നും താന്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരനാണെന്നും സുമിത് നവല്‍ പറഞ്ഞു. താനും മറ്റ് ആര്‍ട്ടിസ്റ്റുകളും സംവിധായകനും പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും വളരെ മഹത്തായ ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിനെന്നും സുമിത് നവല്‍ കൂട്ടിച്ചേര്‍ത്തു. ബിലാലിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അത് അമല്‍ നീരദിന് മാത്രമേ അറിയുള്ളൂവെന്നും സുമിത് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സുമിത് നവല്‍.

‘മമ്മൂക്കയെ കാണുമ്പോഴെല്ലാം എനിക്ക് അതൊരു ദേജാ വൂ മൊമന്റായാണ് ഫീല്‍ ചെയ്യുക. കാരണം, ബിഗ് ബി ചെയ്യുന്ന സമയത്ത് എങ്ങനെയായിരുന്നോ അതേ ചെറുപ്പം തന്നെയാണ് അദ്ദേഹത്തിന് ഇപ്പോഴും. അതേ പോസിറ്റീവ് എനര്‍ജിയാണ് മമ്മൂക്ക ക്യാരി ചെയ്യുന്നത്. സെറ്റില്‍ അത് കൃത്യമായി ഫീല്‍ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കാന്‍ എപ്പോഴും ആളുകള്‍ ശ്രദ്ധ കാണിക്കും.

കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ അനിയന്‍ തന്നെയാണ്. എന്റെ ബിഗ് ബിയാണ് മമ്മൂക്ക. സെറ്റില്‍ ഓരോരുത്തരോടും നല്ല പെരുമാറ്റമാണ്. ഞാനായാലും അല്ലെങ്കില്‍ മറ്റേതെങ്കിലും ആര്‍ട്ടിസ്റ്റായാലും സംവിധായകനായാലും അവര്‍ പറയുന്നത് മമ്മൂക്ക നല്ല ശ്രദ്ധയോടെ കേട്ടിരിക്കും. ബിലാലിന്റെ കാര്യം എനിക്കറിയില്ല. അത് അമലിനോട് തന്നെ ചോദിക്കണം,’ സുമിത് നവല്‍ പറയുന്നു.

Content Highlight: Sumit Naval shares the shooting experience with Mammootty in Bazooka