'ഇനിയൊരു മടക്കമുണ്ടെങ്കില്‍ അത് ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിച്ചിട്ടാവും'; എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഷ്‌റഫിന്റെ ഭാര്യയും മക്കളും ബംഗാളിലേക്ക് മടങ്ങി
ന്യൂദല്‍ഹി: ഭീകര സംഘടനയായ അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച്് എന്‍.ഐ.എ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഷ്‌റഫ് ഹുസൈന്റെ ഭാര്യയും മക്കളും ബംഗാളിലേക്ക് മടങ്ങി. കേരളത്തില്‍ താനും മക്കളും ഒറ്റപ്പെട്ടതിനാലാണ് ബംഗാളിലേക്ക് മടങ്ങുന്നതെന്ന് സുമയ്യ മീഡിയ വണ്ണിനോട് പ്രതികരിച്ചു.
സെപ്തംബര്‍ 19നാണ് തീവ്രവാദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഷറഫ് ഹുസൈന്‍ എന്നിവരെയായിരുന്നു എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് നിരപരാധിയാണെന്നും മുഷ്‌റഫിനെക്കുറിച്ച് ഒരു സംശയവുമില്ലെന്നും സുമയ്യ ആവര്‍ത്തിച്ചു. പ്രണയ വിവാഹമായിരുന്നതിനാല്‍ തന്റെ വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും അതിനാല്‍ മുഷ്‌റഫിന്റെ മാതാപിതാക്കളുടെ അടുത്തേക്കാണ് പോകുന്നതെന്നും സുമയ്യ പറഞ്ഞു. മുഷ്‌റഫിനെക്കുറിച്ച് ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ലെന്ന് ഇവരുടെ വാടക വീടിന്റെ ഉടമ അന്‍വറും വ്യക്തമാക്കി.
കേരളത്തിലെ ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു സുമയ്യയുടെയും മുഷ്‌റഫിന്റെയും മക്കളായ റുക്‌സാനയും ജാഫറും. ഇരുവരുടെയും സ്‌കൂളില്‍ നിന്നും പേരുകള്‍ വെട്ടുകയും ചെയ്തു.
കേരളത്തില്‍ തുടരണമെന്നും പഠന ചെലവ് വഹിക്കാമെന്നും അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും കേരളത്തില്‍ നിന്ന് പോകാന്‍ തീരുമാനിക്കുകയായിരുന്നു മുഷ്‌റഫിന്റെ കുടുംബമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലേക്ക് ഇനിയൊരു മടക്കമുണ്ടെങ്കില്‍ അത് ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിച്ചിട്ടാകുമെന്നും സുമയ്യ പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് അമ്മയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി 10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക