| Saturday, 24th October 2020, 8:50 am

സ്ത്രീകളെ പൂര്‍ണ്ണനഗ്നരാക്കി നിര്‍ത്തി; ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടെന്നും ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ജയില്‍ അധികൃതരുടെ ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവ് കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്ന് ഭാര്യ സുമയ്യ.

കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ ജയിലില്‍ നിന്നു ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തല്‍.

ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ജയിലധികൃതര്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണുമരിച്ചുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.

മര്‍ദ്ദനത്തിന് താന്‍ സാക്ഷിയായിരുന്നുവെന്നും സുമയ്യ പറഞ്ഞു. അപസ്മാരമുള്ളയാളാണെന്നും പ്രതിയെ മര്‍ദ്ദിക്കരുതെന്നും പൊലീസ് ജയിലധികൃതരോട് നേരത്തെ പറഞ്ഞിരുന്നു. ഇതവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ലോക്കല്‍ പൊലീസിനെ കൊണ്ട് റെക്കമന്റ് ചെയ്യിക്കുമല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും സുമയ്യ പറഞ്ഞു.

അതേസമയം താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്ത കൂട്ടുപ്രതി ജാഫറിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും സുമയ്യ പറഞ്ഞു.

10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യ സുമയ്യയേയും മറ്റൊരു പ്രതിയെയും സെപ്റ്റംബര്‍ 29 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 30 ന് ഷെമീറിനെ റിമാന്‍ഡ് പ്രതികളെ പാര്‍പ്പിച്ചിരുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

തലയ്ക്കും ശരീരത്തിനുമേറ്റ ക്രൂരമര്‍ദ്ദനമാണ് ഷെമീറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിന് 24 മണിക്കൂറിനും 72 മണിക്കൂറിനുമിടയ്ക്കാണ് ഷെമീറിന് മര്‍ദ്ദനമേറ്റിരിക്കുന്നത്.

ഷെമീറിന്റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ നാല്പ്പതിലേറെ മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Thrissur custodial death

We use cookies to give you the best possible experience. Learn more