ജക്കാര്‍ത്ത: വംശനാശ ഭീഷണി നേരിടുന്ന സുമാത്രന്‍ കുട്ടിയാന തുമ്പിക്കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് ചെരിഞ്ഞു. സുമാത്ര ദ്വീപിലെ ഒരു വര്‍ഷം പ്രായമായ പെണ്‍ ആനക്കുട്ടിയാണ് വേട്ടക്കാരുടെ കെണിയില്‍ പെട്ട് പകുതി തുമ്പിക്കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് മരിച്ചത്.
ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടിയാനയെ കെണിയില്‍ അകപ്പെട്ടതോടെ കൂട്ടം ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച അകേഹ് ജയ എന്ന സ്ഥലത്തെ ഗ്രാമവാസികള്‍ കുട്ടിയാനയെ കണ്ടെത്തുകയും ചികിത്സയ്ക്കായി കണ്‍സര്‍വേഷന്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയുമായിരുന്നു.
തുമ്പിക്കൈ മൊത്തത്തില്‍ മുറിച്ച് കളഞ്ഞ് ആനയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ മുറിവില്‍ നിന്നും അണുബാധ ഉണ്ടായതിനാല്‍ സാധിച്ചില്ലെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.
ആകെ 693 സുമാത്രന്‍ ആനകള്‍ മാത്രമാണ് ഇനി ദ്വീപില്‍ അവശേഷിക്കുന്നത്. 2014ല്‍ 1300 ആനകളുണ്ടായിരുന്നതില്‍ നിന്നാണ് ഇത്രയും വലിയ മാറ്റമുണ്ടായത്.
ബോര്‍ണിയോ, സുമാത്ര എന്നീ ദ്വീപുകളില്‍ വ്യാപകമായി വനനശീകരണം നടക്കുന്നതിനാല്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് സുമാത്രന്‍ ആനകള്‍.
ആണ്‍ ആനകളുടെ കൊമ്പിന് നിയമവിരുദ്ധ മാര്‍ക്കറ്റുകളില്‍ വലിയ വിലയായതിനാല്‍ ഇവയെ വേട്ടയാടുന്നതും തുടര്‍സംഭവമാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ തല മുറിച്ച് മാറ്റപ്പെട്ട നിലയില്‍ പ്രദേശത്ത് മറ്റൊരു ആനയുടെ ജഡവും കണ്ടെത്തിയിരുന്നു.
കൊമ്പുകള്‍ കീറിയെടുത്ത നിലയിലായില്‍ ആനയുടെ തല പിന്നീട് കണ്ടെത്തുകയായിരുന്നു. ആ കേസില്‍ വിചാരണ നടക്കുകയാണ്.
കൊവിഡ് വന്നതോടുകൂടി സുമാത്രയില്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും വര്‍ധിച്ചിട്ടുണ്ടെന്ന് കുട്ടിയാനയെ ചികിത്സിച്ച കണ്‍സര്‍വേഷന്‍ ഏജന്‍സി വക്താക്കള്‍ പറഞ്ഞു.