| Sunday, 1st December 2024, 11:44 am

ഹാട്രിക് അടക്കം അരിഞ്ഞുവീഴ്ത്തിയത് പത്ത് വിക്കറ്റുകള്‍; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

കൂച്ച് ബെഹര്‍ ട്രോഫിയില്‍ അവിശ്വസനീയ നേട്ടവുമായി ബിഹാര്‍ സൂപ്പര്‍ പേസര്‍ സുമന്‍ കുമാര്‍. ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാണ് ബീഹാറിന്റെ ഭാവി താരം ചരിത്രം കുറിച്ചത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ രാജസ്ഥാന്‍ ഓപ്പണര്‍ മനായ് കത്താരിയയെ പുറത്താക്കിയാണ് സുമന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കൃത്യമായി ഇടവേളകളില്‍ സുമന്‍ ബീഹാറിനായി ബ്രേക് ത്രൂ നല്‍കിയതോടെ രാജസ്ഥാന്‍ 182ന് പുറത്തായി.

50 റണ്‍സ് നേടിയ ഓപ്പണര്‍ പാര്‍ത്ഥ് യാദവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

രാജസ്ഥാന്‍ ആകെ നേരിട്ട 75.5 ഓവറില്‍ 35.5 ഓവറും എറിഞ്ഞത് സുമനായിരുന്നു.

20 മെയ്ഡന്‍ അടക്കം 35.5 ഓവറില്‍ വെറും 53 റണ്‍സ് വഴങ്ങിയാണ് താരം പത്ത് വിക്കറ്റുകളും നേടിയത്. 1.57 ആണ് ഇന്നിങ്‌സില്‍ താരത്തിന്റെ എക്കോണമി.

ഇതില്‍ ഒരു ഹാട്രിക്കും ഉള്‍പ്പെട്ടിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത. 36ാം ഓവറിലെ നാല്, അഞ്ച്, ആറ് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് താരം ഹാട്രിക് സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബീഹാര്‍ 467 റണ്‍സ് സ്വന്തമാക്കി. സെഞ്ച്വറി നേടിയ ദീപേഷ് ഗുപ്തയുടെയും പൃഥ്വി രാജിന്റെയും കരുത്തിലാണ് ബീഹാര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ ഗുപ്ത 381 പന്തുകള്‍ നേരിട്ട് പുറത്താകാതെ 183 റണ്‍സ് നേടി. 28 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

136 പന്തില്‍ നിന്നും 128 റണ്‍സാണ് പൃഥ്വി രാജ് സ്വന്തമാക്കിയത്. 48 റണ്‍സടിച്ച സത്യം കുമാറാണ് ടീമിനായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

285 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങേണ്ടി വന്ന രാജസ്ഥാന്‍ നിലവില്‍ 93 ഓവര്‍ പിന്നിടുമ്പോള്‍ ലീഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ്. കേവലം രണ്ട് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ പിറകിലുള്ളത്. ഓപ്പണര്‍ പാര്‍ത്ഥ് യാദവിന്റെയും ക്യാപ്റ്റന്‍ തോഷിത്തിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് രാജസ്ഥാന്‍ ലീഡ് നേടിയിരിക്കുന്നത്.

Content Highlight: Suman Kumar picks 10 wickets in an innings in Cooch Behar Trophy

We use cookies to give you the best possible experience. Learn more