| Tuesday, 18th April 2023, 12:12 pm

2019ല്‍ മകനെ തോല്‍പ്പിച്ചു, 2023ല്‍ അച്ഛന് വെല്ലുവിളിയാകുമോ? മാണ്ഡ്യയില്‍ കുമാരസ്വാമിക്കെതിരെ സുമലതയെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കുമെന്ന് നടിയും എം.പിയുമായ സുമതലത അംബരീഷ്. ജെ.ഡി.എസ് നേതാവ് കുമാരസ്വാമി മാണ്ഡ്യയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിലവിലെ മാണ്ഡ്യ എം.പി കൂടിയായ സുമലത സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുമെന്ന സൂചന നല്‍കിയിരിക്കുന്നത്. മാഡൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുമലതയുടെ പ്രതികരണം.

2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അവര്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ തോല്‍പ്പിച്ചാണ് പാര്‍ലമെന്റിലെത്തിയത്. അതുകൊണ്ട് തന്നെ അച്ഛനെതിരെയും സുമലതയെ തന്നെ മത്സരിപ്പിക്കാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. സുമലതയുടെ ഭര്‍ത്താവായ അംബരീഷിന് മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനം ഒരിക്കല്‍ കൂടി വോട്ടാക്കി മാറ്റാനായിരിക്കും ബി.ജെ.പിയും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘മാണ്ഡ്യയില്‍ വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. എന്റെ പാര്‍ട്ടിയിലും പ്രവര്‍ത്തകരിലും എനിക്ക് വിശ്വാസമുണ്ട്. ജെ.ഡി.എസിന്റെ കുടുംബ രാഷ്ട്രീയം തകര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണ്ഡലം ഭരിച്ച് മുടിച്ച ജെ.ഡി.എസിന്റെ ഭരണ പരാജയം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടും.

എന്റെ മകനും നടനുമായ അഭിഷേക് അംബരീഷും ഇത്തവണ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ എന്റെ കൂടെയുണ്ടാവും. പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍,’ സുമലത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ജെ.ഡി.എസിന്റെ സിറ്റിങ് എം.എല്‍.എയായ ശ്രീനിവാസ് ഇത്തവണയും മാണ്ഡ്യയില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹം പിന്മാറുമെന്നും കുമാരസ്വാമി മണ്ഡലത്തിലെത്തുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് നിലവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അശോക് ജയറാമിനെ മാറ്റി സുമലതയെ രംഗത്തിറക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് ഉദ്ദേശമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്രയായി ജനവിധി തേടിയ സുമലതക്ക് ബി.ജെ.പിയും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് ബി.ജെ.പിയില്‍ ആഭ്യന്തര ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പല പ്രമുഖരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഭരണ തുടര്‍ച്ച മോഹിച്ച ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

Content Highlight: sumalatha says she might contest in mandya

We use cookies to give you the best possible experience. Learn more