ഇടുക്കിയിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍
Kerala News
ഇടുക്കിയിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 6:39 pm

രാജാക്കാട്: ഇടുക്കി സി.പി.ഐ.എമ്മിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍. രാജാക്കാട് ഏരിയ സെക്രട്ടറിയായാണ് സുമ തെരഞ്ഞെടുക്കപ്പെട്ടത്.

2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സുമ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുമ സുരേന്ദ്രന്‍.

1993ല്‍ പാര്‍ട്ടി അംഗമായ സുമ സുരേന്ദ്രന്‍ മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ്.

ഉടുമ്പന്‍ചോല എം.എല്‍.എയും മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം. മണിയുടെ മകള്‍ കൂടിയാണ് സുമ സുരേന്ദ്രന്‍. സുമയുടെ സഹോദരിയായ സതി കുഞ്ഞുമോന്‍ രാജാക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു.

മീനങ്ങാടി ഏരിയ കമ്മിറ്റിയിലാണ് ആദ്യമായി ഒരു വനിതയെ സി.പി.ഐ.എം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്‍.പി. കുഞ്ഞുമോളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ ചുമതല ഒരു വനിതയ്ക്ക് നൽകിയിരുന്നു. ജി. രാജമ്മയ്ക്കായിരുന്നു ചുമതല.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നീ രണ്ട് വനിതാ അംഗങ്ങളാണുള്ളത്. 85 അംഗ കേന്ദ്രകമ്മറ്റിയില്‍ 17 വനിതകളും.

കെ.കെ. ശൈലജ, പി.കെ. ശ്രീമതി, പി സതീദേവി, സി.എസ്. സുജാത എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. നിയമസഭയില്‍ എട്ട് വനിതാ എം.എല്‍.എമാരാണ് സി.പി.ഐ.എമ്മിനുള്ളത്. ഇതില്‍ വീണ ജോർജ് ആരോഗ്യ വകുപ്പും ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പും വഹിക്കുന്നു.

Content Highlight: Suma Surendran became the first woman area secretary of Idukki district