‘വിവാഹമുണ്ട്; പറയാറായിട്ടില്ല’
Dool Talk
‘വിവാഹമുണ്ട്; പറയാറായിട്ടില്ല’
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2011, 3:46 pm

ജിന്‍സി ബാലകൃഷ്ണന്‍

മലയാളസിനിമയില്‍ അധികം ശ്രദ്ധനേടാതെ പോയ സിനിമാതാരമാണ് സുമാ ജയറാം. മഴയത്തും മുന്‍പേ, ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രണ്ടുപതിറ്റാണ്ടുകാലമായി സിനിമയ്ക്ക് വേണ്ടിമാറ്റിവച്ച ഈ താരത്തെ പലപ്പോഴും മലയാള സിനിമകള്‍ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഇടക്കാലത്ത് ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ ശ്രദ്ധനേടാന്‍ ശ്രമിച്ച സുമയുടെ ആ ശ്രമവും വിജയിച്ചിരുന്നില്ല.

ഇഷ്ടം എന്ന സിനിമയ്ക്ക് ശേഷം സുമ സിനിമയില്‍ നിന്ന് തീര്‍ത്തും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സിനിമാ നിര്‍മാതാവിന്റെ വേഷത്തില്‍ ചലച്ചിത്രലോകത്തേക്ക് സുമ വീണ്ടും തിരിച്ചെത്തുകയാണ്.

സിനിമാ നടി എന്ന ലേബലില്‍ നിന്നും നിര്‍മാതാവ് എന്ന രീതിയിലുള്ള മാറ്റത്തിനു പിന്നില്‍ ?

പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയിലേക്ക് വരുമ്പോള്‍ തന്നെ സിനിമ സംവിധാനം ചെയ്യണമെന്ന, അല്ലെങ്കില്‍ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്ന്. പക്ഷേ അങ്ങനെയൊരു ആഗ്രഹത്തിന്റെ പുറത്തൊന്നുമല്ല ഞാനീ രംഗത്തെത്തുന്നത്. എന്റെ അനുജന്‍ ബോണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ കഥ അവന്‍ എന്നോട് പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കെന്തോ ആ സിനിമ ചെയ്യണമെന്ന് തോന്നി. അങ്ങനെ ഞാന്‍ അവനോട് പറഞ്ഞു സിനിമ ഞാന്‍ നിര്‍മിക്കാം എന്ന്.

സുമയുടെ പുതിയ ചിത്രത്തെ കുറിച്ച്

ആദി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പ്രത്യേക സാഹചര്യത്തില്‍ വീട് വിട്ടുപോകേണ്ടിവരുന്ന ഒരു കൊച്ചുകുട്ടിയുടെ മാനസിക സംഘര്‍ഷങ്ങളാണ് ആദി പറയുന്നത്. മാസ്റ്റര്‍ സിദ്ധാര്‍ത്ഥാണ് ചിത്രത്തിലെ പ്രധാന താരം. കൂടാതെ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊമേഴ്‌സ്യല്‍ ചിത്രം എന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ആര്‍ട്ട് ഫിലിമാണ് ആദി. സിനിമ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല.

ഇഷ്ടം എന്ന ചിത്രത്തിന് ശേഷം സുമ സിനിമയില്‍ നിന്നും വിട്ടുനിന്നു. സിനിമ സുമയെ മറന്നതാണൊ അതോ സുമ സിനിമയെ ഉപേക്ഷിച്ചതാണോ?

അങ്ങിനെയൊന്നുമില്ല. അതിനുശേഷം നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല. പിന്നെ കുറച്ചുകാലം വിട്ടുനില്‍ക്കണമെന്ന് തോന്നി. അതുകൊണ്ട് വിട്ടുനിന്നു. നല്ല ഒരു കഥാപാത്രം ലഭിക്കുകയാണെങ്കില്‍ ഞാന്‍ തിരിച്ചുവരും.

സിനിമയില്‍ അവഗണിക്കപ്പെട്ടുവെന്നു തോന്നിയിട്ടുണ്ടോ?

(കുറച്ച് നേരം മൗനം)മലയാളത്തില്‍ എനിക്ക് അവസരം കുറവായിരുന്നു. എന്നാല്‍ തമിഴില്‍ കിട്ടിയിട്ടുണ്ട്. രജനീകാന്തിന്റെ നായികയായി അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ചില പ്രത്യേക കാരണങ്ങളാല്‍ ഞാന്‍ ആ അവസരം ഉപേക്ഷിക്കുകയായിരുന്നു.

സുമ വിവാഹിതയാകുന്നു എന്ന വാര്‍ത്തകേട്ടു. വിവാഹത്തെ കുറിച്ച്

കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സമയം ആയിട്ടില്ല. വിവാഹം ഉണ്ട്. അടുത്തുതന്നെ ഉണ്ടാവും. സമയമാകുമ്പോള്‍ ഇതിനെ കുറിച്ച് ഞാന്‍ തന്നെ പറയും.