വയനാട്: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന അഴിമതി വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുന്നു. ബാങ്ക് നിയമന അഴിമതി വന്നതോടെ ആരോപണവിധേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.
അതേസമയം ആരോപണമുന്നയിച്ചവരെയും അന്വേഷണം ആവശ്യപ്പെട്ടവരെയും കമ്മിഷന്‍ അംഗങ്ങളെയും ഉള്‍പ്പെടെ ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ കത്ത് പുറത്തുവന്നതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
അഴിമതി പുറത്തുകൊണ്ടുവന്നവരില്‍ പ്രധാനിയെന്നു കരുതുന്ന നേതാവിനുനേരെ സ്ത്രീപീഡന പരാതി വന്നതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിഞ്ഞുള്ള വാക്‌പോര് ആരംഭിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മൊത്തക്കച്ചവടമാക്കിയ എ., ഐ. ഗ്രൂപ്പുകളില്‍പ്പെട്ട രണ്ട് മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ ജില്ലയിലുണ്ടെന്ന് ഒരു വിഭാഗം പറയുന്നു.
വയനാട് ഡി.സി.സി. പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ കോഴവാങ്ങിയെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവരുടെ പരാതി.
പരാതിയില്‍ കെ.പി.സി.സി. അന്വേഷണ സമിതിയെ നിയോഗിച്ചു.
ഡി.സി.സി. പ്രസിഡന്റ് ബത്തേരിയിലെ ഒരു നേതാവ്, ബാങ്കിന്റെ നിലവിലുള്ള ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണം.
അതേസമയം കോഴവാങ്ങിയവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2012 -16 വര്‍ഷങ്ങളിലും ഇതേബാങ്കില്‍ നടന്ന നിയമനങ്ങള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയാണെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്.