'കുഞ്ഞഹമ്മദ് ഹാജിയുടെ ഒറിജിനല്‍ ഫോട്ടോയും, യുദ്ധത്തിന്റെ അടക്കം നിരവധി കണ്ടെത്തലും'; റമീസ് മുഹമ്മദിന്റെ സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം പുറത്തിറങ്ങുന്നു
കോഴിക്കോട്: ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ തിരക്കഥാകൃത്തായിരുന്ന റമീസ് മുഹമ്മദ് എഴുതിയ സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം പുറത്തിറങ്ങുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒറിജിനല്‍ ഫോട്ടോയും, യുദ്ധത്തിന്റെ അടക്കം നിരവധി ചിത്രങ്ങളും പുസ്തകത്തിന്റെ കൂടെ പുറത്തുവിടുമെന്ന് റമീസ് മുഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
‘കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസര്‍ച്ച് ടീം. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ.
രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടും,’ റമീസ് പറഞ്ഞു.
ഒക്ടോബര്‍ 29ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്യുമെന്നും റമീസ് അറിയിച്ചു. പുസ്തകത്തിന്റെ പ്രീബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു റമീസ് മുഹമ്മദ്.
എന്നാല്‍ റമീസിന്റെ പഴയ ചില രാഷ്ട്രീയ നിലപാടുകളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്ന കുറിപ്പുകളും വിവാദമായതോടെ അദ്ദേഹം തന്നെ സിനിമയില്‍ പിന്‍മാറുകയായിരുന്നു. അതേസമയം, പിന്നീട് ആഷിഖ് അബുവും പൃഥ്വിരാജും സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു.