വയനാട്: സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി (ജെ.ആര്‍.പി.) മുന്‍ നേതാവ് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.
സി.കെ. ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടത്. സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.
എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.
10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പണം നല്‍കാന്‍ ഹോട്ടലില്‍ എത്തുന്നതിന് മുമ്പ് സുരേന്ദ്രനും പ്രസീതയും തമ്മില്‍ സംസാരിച്ചെന്ന് കരുതുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
താന്‍ കാശ് നല്‍കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്. പ്രസീതയുടെ ആരോപണങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കൊടകര കുഴല്‍പ്പണ കേസും ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ടും സുരേന്ദ്രന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പുതിയ കേസ്് വന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Sultan Bathery police registered a case against BJP State President K. Surendran