കല്‍പറ്റ: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.കെ ജാനു. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, എന്നാല്‍ പുറത്തുവന്ന ശബ്ദ രേഖകള്‍ പൂര്‍ണമായും തെറ്റല്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി. കെ. ജാനുവിന് 35 ലക്ഷം കോഴ നല്‍കി എന്നതായിരുന്നു കേസ്. നേരത്തെ പുറത്തു വന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കാനും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ആരുടെയാണെന്ന് മനസിലാക്കുന്നതിനും വേണ്ടി സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി പ്രതിചേര്‍ക്കപ്പെട്ടവരുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടിരുന്നു.
കേസിലെ ഒന്നാം പ്രതിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രന്റെയും ജെ.ആര്‍.പി നേതാവായ പ്രസീത അഴീക്കോടിന്റെയും ശബ്ദസാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ. ജാനുവിന് കൈമാറിയെന്നാണ് സുരേന്ദ്രനെതിരെയുള്ള ആരോപണം.