ഹിന്ദുത്വ ഭീകരതയുടെ പ്രത്യയശാസ്ത്ര പാഠത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച ഇത്തരം വൈകൃതങ്ങള്‍ കേവലമായ ഒരു ആണിന്റെ രതി നൈരാശ്യത്തില്‍ നിന്ന് ഉല്‍ഭവിച്ച, സാധാരണയായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന സൈബര്‍ അറ്റാക്കുകളല്ല. മറിച്ച് ബലാല്‍സംഘം ചെയ്യപ്പെടേണ്ടവരാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ എന്ന ആശയധാര മുന്നോട്ട് വെച്ച സവര്‍ക്കറെറ്റ് ഹിന്ദുത്വം തന്നെയാണ് ഇതിന് പിന്നില്‍.
”അതെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. അവള്‍ മലര്‍ന്ന് കിടക്കുകയാണ്, കണ്ണുകളടച്ച്. അവളുടെ തല മറുവശത്തേക്കു തിരിഞ്ഞിരിക്കുന്നു. അവന്റെ മുഖത്തേക്കു നോക്കുവാന്‍ അവളാഗ്രഹിക്കുന്നില്ല. അതുമാത്രമാണ് അവളുടെ ചെറുത്തുനില്പ്. മൂര്‍ച്ച കുറഞ്ഞ ഒരു വേദന അവള്‍ക്കനുഭവപ്പെടുന്നുണ്ട്. എന്നിട്ടും അവള്‍ കണ്ണു തുറക്കുന്നില്ല, അനങ്ങുന്നുമില്ല, ശബ്ദമൊന്നുമുണ്ടാക്കുന്നുമില്ല.
പടാളക്കാരന്‍ അവളുടെ മാറത്തേക്ക് സ്വന്തം ബൂട്ട് ചായിക്കുകയാണ്. തിരിഞ്ഞ് നില്‍ക്ക്, അയാള്‍ അവളോട് ആജ്ഞാപിക്കുന്നു. എസ്സ് തന്റെ തല അയാളിലേക്ക് തിരിക്കുന്നു. പക്ഷെ, അവള്‍ കണ്ണു തുറക്കുന്നില്ല. ഇതേവരേയായിട്ടും. വാ തുറക്ക്, പട്ടാളക്കാരന്‍ വീണ്ടും അവളോടാജ്ഞാപിക്കുന്നു. എസ്സ് അവളുടെ വായ തുറക്കുന്നു.
തന്റെ മുഖത്ത് അയാളുടെ ഇളം ചൂടുള്ള മൂത്രത്തിന്റെ പ്രവാഹം അവള്‍ അറിയുന്നു. ഇറക്ക്, അയാള്‍ അലറുന്നു. അവള്‍ക്ക് മറ്റ് പോംവഴിയൊന്നുമില്ല. അവള്‍ ആ ഉപ്പുരസമുള്ള ദ്രാവകം ഇറക്കിക്കുടിക്കുന്നു. അത് എന്നെന്നേക്കുമായി തുടര്‍ന്നേക്കുമെന്ന് അവള്‍ക്കു തോന്നുകയാണ്. അവള്‍ ആകെ ആഗ്രഹിക്കുന്നത് മരിക്കുക എന്നതു മാത്രമാണ്.” വിജയശ്രീലാളിതനായ സെര്‍ബ് പട്ടാളക്കാരന്‍ അട്ടഹസിക്കുന്നു. നിങ്ങളുടെ ഗര്‍ഭപാത്രങ്ങളില്‍ ആയിരം സെര്‍ബ് മക്കള്‍ വളരട്ടെ!
സ്ലാവെങ്ക ഡ്രാക്കുലിക് എന്ന ക്രൊയേഷ്യന്‍ എഴുത്തുകാരിയുടെ ”അവള്‍” എന്ന നോവലിലെ ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. സെര്‍ബ് ഭീകരതയുടെ അതിക്രൂരമായ കൂട്ട ബലാല്‍സംഘത്തിന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന ഒരു നോവലാണിത്. ഹിറ്റ്‌ലര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ജൂത സമൂഹത്തെ അതിനിഷ്ഠൂരമായ അക്രമങ്ങള്‍ക്ക് ശേഷം കൊന്ന് തള്ളിയ ചരിത്രം വായിച്ച നമ്മള്‍, സെര്‍ബ് ഭീകരത താണ്ഡവമാടിയ കൂട്ടക്കൊലകള്‍ ആഘോഷമാക്കിയ തടങ്കല്‍പാളയങ്ങളെകുറിച്ചും വായിക്കുന്നു.
സ്ലാവെങ്ക ഡ്രാക്കുലിക്
ജര്‍മനിയില്‍ ജൂതരാണെങ്കില്‍ ബോസ്‌നിയ ഹെര്‍സെഗോവിനയില്‍ മുസ്‌ലിങ്ങളാണെന്ന് മാത്രം. കന്നുകാലികളെപ്പോലെ മനുഷ്യരെ കുത്തി നിറച്ച ട്രക്കുകളില്‍ ഉന്മൂലനത്തിനായി കുരുതിക്കളത്തിലേക്ക് കൊണ്ടുപോവുന്ന നടുക്കുന്ന കാഴ്ചകള്‍ നമ്മെ ഇന്നും ഭയവിഹ്വലരാക്കുന്നു. അവള്‍ എന്ന ഈ നോവലില്‍ മരണത്തിന്റെ ഗന്ധമാണ് ഉള്ളത് എന്ന് നോവല്‍ വായിച്ച് കഴിയുമ്പോള്‍ നമുക്ക് മനസ്സിലാവും.
പേരില്ലാത്ത കഥാപാത്രങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഈ നോവലില്‍ ഫാസിസ്റ്റ്‌വല്‍ക്കരിച്ച ഒരു ഭരണകൂടം സ്ത്രീകളോട് കാണിക്കുന്ന ആണത്ത വിളംബരത്തിന്റെ അലര്‍ച്ചകള്‍ കാണാം. യൂറോപ്പില്‍ നടമാടിയ ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ തനിയാവര്‍ത്തനം മാത്രമല്ല അതിനേക്കാള്‍ ഭയാനകമായി ഇന്ത്യയിലെ നവ ഫാസിസം മുന്നോട്ട് പോവുകയാണ്. ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ ഹിറ്റ്‌ലറുടെ ജര്‍മനിയാണ് ഓര്‍മ്മവരികയെങ്കിലും ഫാസിസത്തിന്റെ ആശയാവലികള്‍ രൂപപ്പെട്ടത് ഇറ്റലിയിലാണ്.
അതുകൊണ്ട് തന്നെ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രാ പരികല്പനകള്‍ വികസിക്കുന്നത് ഇവിടെ നിന്നാണ്. ഇറ്റാലിയന്‍ നോവലിസ്റ്റ് ഉമ്പാര്‍ട്ടോ ഇക്കൊ ഫാസിസത്തിന്റെ പതിനാല് സ്വഭാവങ്ങള്‍ തന്റെ ”അഞ്ച് നൈതിക പ്രബന്ധങ്ങള്‍” എന്ന ചെറുപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഒരു പൊതുശത്രുവിനെ നിര്‍മ്മിക്കുന്നതും അവരെ അപരവല്‍ക്കരിച്ച് ഉന്‍മൂലനം ചെയ്യുക, ആണത്ത പ്രഘോഷണം, സത്രീകളോട് പുഛം തുടങ്ങിയ സ്വഭാവ സവിശേഷതകള്‍ ഫാസിസത്തിനുള്ളതായി അദ്ധേഹം പ്രതിപാദിക്കുന്നു.
ഉമ്പാര്‍ട്ടോ ഇക്കൊ
ഇവിടെ നിന്ന് ഇന്ത്യയിലെ നവഫാസിസത്തെയും പഠനവിധേയമാക്കിയാല്‍ ഇത്തരത്തിലുള്ള സമാനതകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു മുസ്‌ലിം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ഇരട്ട അപരവത്കരണത്തിന് ഇരയാവുകയാണ്. ഇവിടെയാണ് നൂറ് മുസ്‌ലിം സ്ത്രീകളുടെ പേര് വെച്ചുകൊണ്ട് ഇന്ത്യയിലെ ഫാസിസം മറ്റൊരു ആണത്ത പ്രഘോഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സോഷ്യന്‍ മീഡിയയില്‍ നിന്ന് മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ കവര്‍ന്നെടുത്ത് മുസ്‌ലിം സ്ത്രീകള്‍ ലേലത്തിനും വില്‍പനക്കുമായി വെച്ചിരിക്കുകയാണ്. ഹിന്ദുത്വ ആണത്തം മുസ്‌ലിം സ്ത്രീകളെ വിളിക്കുന്ന തെറിയാണ് സുള്ളി എന്നത്. ഇവിടെയാണ് സുള്ളി ഡീല്‍സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഹിന്ദുത്വ ഭീകരതയുടെ പ്രത്യയശാസ്ത്ര പാഠത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച ഇത്തരം വൈകൃതങ്ങള്‍ കേവലമായ ഒരു ആണിന്റെ രതി നൈരാശ്യത്തില്‍ നിന്ന് ഉല്‍ഭവിച്ച, സാധാരണയായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന സൈബര്‍ അറ്റാക്കുകളല്ല. മറിച്ച് ബലാല്‍സംഘം ചെയ്യപ്പെടേണ്ടവരാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ എന്ന ആശയധാര മുന്നോട്ട് വെച്ച സവര്‍ക്കറെറ്റ് ഹിന്ദുത്വം തന്നെയാണ് ഇതിന് പിന്നില്‍.
സവര്‍ക്കുടെ അതിക്രൂരമായ പ്രതിക്രിയയുടെ സിദ്ധാന്തം എങ്ങിനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്തരത്തിലുള്ള സൈബര്‍ വൈകൃതങ്ങള്‍. എല്ലാ പ്രതിഷേധങ്ങളെയും നിശ്ശബ്മാക്കി പ്രതികരിക്കുന്നവരെ മുഴുവന്‍ തടവറയിലേക്ക് പറഞ്ഞയച്ച് ഫാസിസം അതിന്റെ രഥചക്രം ഉരുട്ടുകയാണ്. പൗരത്വ പ്രക്ഷോഭത്തിന്റെ മുന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകളെ ഇത്തരം സൈബര്‍ അക്രമണത്തിലൂടെ നിശ്ശബ്ദമാക്കാം എന്ന സംഘപരിവാറിന്റെ യുക്തിബോധം തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ വലിയ സാമര്‍ത്യമൊന്നും വേണ്ട.
സവര്‍ക്കര്‍
മുസ്‌ലിം സ്ത്രീയെ വില്‍പനക്ക് വെച്ചതായി ചിത്രീകരിക്കുന്നതിലൂടെ തങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യയശാസ്ത്ര പദ്ധതിയുടെ പ്രകാശനമായിട്ട് തന്നെയാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ആണത്ത അധീശത്വം വിളംബരം ചെയ്യാന്‍ ബലാല്‍സംഘം പ്രവര്‍ത്തന പദ്ധതിയായി സ്വീകരിച്ചവര്‍ക്ക് ലിംഗം ആയുധവും ആയുധം ലിംഗവുമായി തീരുന്ന ഒരു സങ്കല്പനത്തെ കുറിച്ച് കവി സച്ചിദാനന്ദന്‍ പ്രതിപാദിച്ചത് ഇവിടെ ചേര്‍ത്ത് വായിക്കാം.
മാത്രമല്ല ഗുജറാത്ത് വംശഹത്യയില്‍ ഹിന്ദുത്വ ഫാസിസം അതിന്റെ അക്രമണം മുഖ്യമായും സ്ത്രീകളിലും കുട്ടികളിലുമാണ് നടത്തിയത്. കൂട്ട ബലാല്‍സംഗത്തിന്റെയും മുലകള്‍ ചേദിച്ചതിന്റെയും അനുഭവ പരിസരത്ത് ജീവിക്കുന്നവരാണ് നമ്മളെല്ലാവരും. രണ്ടായിരത്തി പന്ത്രണ്ടില്‍ മുസാഫര്‍ നഗര്‍ കലാപത്തില്‍ ഇരുനൂറിലധികം സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായതായി ഔട്ട്‌ലുക്ക് മാഗസിന്‍ പുറത്ത് വിട്ട അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ നാം വായിച്ചതാണ്. അതുകൊണ്ട് തന്നെ ഫാസിസത്തിന് ലിംഗം ഒരു രാഷ്ട്രീയ ആയുധമായി തന്നെ നിലനില്‍ക്കുന്നു എന്ന് തന്നെയാണ് നാം മനസ്സിലാക്കേണ്ടത്.
ആണത്ത അധീശത്വം എങ്ങിനെയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്നതിന്റെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കുന്ന ഫ്രഞ്ച് സാമൂഹ്യ ശാസ്ത്ര ചിന്തകനായ പിയറി ബോര്‍ദ്യൂവിന്റെ നിരീക്ഷണം ഹിന്ദുത്വ ഫാസിസത്തിന്റെ പ്രവര്‍ത്തന പദ്ധതികളുമായി എത്ര മാത്രം സമരസപ്പെട്ടു നില്‍ക്കുന്നു എന്ന് മനസ്സിലാവും.
പിയറി ബോര്‍ദ്യൂ
‘ലൈംഗികോത്തേജനം പുരുഷനാണ് കൂടുതല്‍ തുടങ്ങി നിരവധി അസംബന്ധമായ സങ്കല്പങ്ങള്‍ ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്നു. ഇത് പുരുഷന്‍മാരെ സംഘര്‍ഷത്തിലാക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ പുരുഷന്‍മാരെ രോഗികളാക്കുന്നു. ആണത്തമെന്നത് എതിരിടാനും ഹിംസയെ പ്രകടിപ്പിക്കാനുമൊക്കെയുള്ള ശേഷിയായാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. എതിരിടല്‍ പുരുഷന്റെ കടമയും തന്റെ താഴ്ന്ന പദവിയെ സംരക്ഷിക്കല്‍ സ്ത്രീയുടെ ബാധ്യതയുമാണെന്ന് വരുന്നു. സ്ത്രീയെ സംബന്ധിച്ച് ചാരിത്ര്യം സംരക്ഷിക്കലാണ് പരമാവധി ചെയ്യാനാവുക. മദ്യപാനം, പുകവലി എന്നിവയൊക്കെ പരിശീലിപ്പിച്ച് ആണത്തത്തെയയുടെ ഏറ്റവും വളര്‍ച്ചമുറ്റിയ രൂപമാണ് കൂട്ട ബലാല്‍സംഗം. താന്‍ പെണ്ണായിപ്പോകുമോ എന്ന ഭയത്തില്‍ നിന്നാണ് ഈ ധീരതയുണ്ടാകുന്നത്. ഒരാളുടെ ഉള്ളില്‍ത്തന്നെയുള്ള സ്‌ത്രൈണതയോടുള്ള പോരാട്ടമാണ് ആണത്തം.”
സ്വാഭാവികമായ ഒരു സമൂഹത്തില്‍ ആണത്ത അധീശത്വം എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്ന് വിശദീകരിക്കുകയാണ് പിയറി ബോര്‍ദ്യു. ഇത്തരത്തിലുള്ള രോഗ ബാധിതരായ ആണ്‍ ബോധങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കഴിയുന്നു എന്നിടത്താണ് സുള്ളി ഡീല്‍സ് എന്ന വെബ്‌സൈറ്റ് രൂപപ്പെടുന്നത്. അഥവാ റേപ്പ് ഒരു രാഷ്ട്രീയ-സാംസ്‌കാരിക പരിപാടിയായി സ്വാംശീകരിച്ച സവര്‍ക്കറുടെ ഹിന്ദുത്വ സൈബര്‍ ഫാക്ടറിയില്‍ നിന്നാണ് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ രൂപകല്പനചെയ്യുന്നത്.
അപരത്വ നിര്‍മിതിയിലും ഹിംസയിലും അധിഷ്ഠിതമായ ഒരു ആശയത്തിന് ആണത്ത അധീശത്തം വിളംബരം ചെയ്യാന്‍ ഇതുപോലുള്ള മനുഷ്യത്വ വിരുദ്ധമായ സ്ത്രീ വീരുദ്ധമായ പദ്ധതികള്‍ ഉണ്ടാവും. സാധാരണയായി വില്‍പനക്ക് വെക്കാറുള്ളത് വസ്തുക്കളും ചരക്കുകളുമാണ്. ആ അര്‍ത്ഥത്തില്‍ ചരക്കുവല്‍ക്കരിക്കപ്പെട്ട ഒന്നായി സ്ത്രീയെ മാറ്റുന്നതിലൂടെ കമ്പോള യുക്തിയെയും ഹിന്ദുത്വ ഫാസിസം ഉപയോഗപ്പെടുത്തുന്നു.
വലിയ അര്‍ത്ഥത്തില്‍ സാമൂഹിക പ്രതിനിധാനം നടത്തുന്ന മുസ്‌ലിം സ്ത്രീകളെ അപമാനവീകരിച്ച് മൂലക്കിരുത്തിക്കളയാം എന്ന് വ്യാമോഹിക്കുകയാണ് സംഘപരിവാര്‍. ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് അവരെ തളര്‍ത്താന്‍ കഴിയില്ല എന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ തന്നെ ഇതുപോലുള്ള അതിക്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നില്ല എന്നത് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയാണ് എന്ന് ഓര്‍മപ്പെടുത്താതിരിക്കാന്‍ കഴിയില്ല.
കാരണം ഫെമിനിസ്റ്റുകളും സ്ത്രീവിമോചന പ്രസ്ഥാനങ്ങളും മുസ്‌ലിം സ്ത്രീയെക്കുറിച്ച് അവരുടെ മതബോധത്തില്‍ വളരെ ക്ലേശത അനുഭവിക്കുന്നവരാണ് എന്ന് നിരന്തരം പരിഭവിക്കുന്നവരാണ്. ഇവിടെയാണ് ഹിന്ദുത്വ ആണത്തം മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ചുകൊണ്ട് ഒരു വെബ്‌സൈറ്റ് നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വെബ്‌സൈറ്റുകളും തെറികളും സ്ത്രീ വിരുദ്ധതയുടെ ആശയമാണെങ്കില്‍ ബലാത്സംഗം അതിന്റെ പ്രായോഗിക സമീപനമാണെന്ന് തിരിച്ചറിയാന്‍ സ്ത്രീപക്ഷവാദികള്‍ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.