ടൂറിന്‍: ഇറ്റലിയിലെ ഫുട്‌ബോള്‍ ലീഗില്‍ വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച താരത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധവുമായി താരങ്ങള്‍. ഇറ്റലിയിലെ ഒന്നാം ലീഗായ സീരിയ “എ” യിലാണ് വംശീയാധിക്ഷേപത്തിന്റെ പേരില്‍ താരങ്ങള്‍ രംഗത്തെത്തിയത്.
പെസ്‌കാര എന്ന ടീമിന്റെ താരമായ ഘാനയുടെ സുലി മുണ്ടാരിയെയാണ് വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. താരത്തിന് എതിരായ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടിലാണ് സഹതാരങ്ങള്‍.
കഴിഞ്ഞ ഞായറാഴ്ച ക്ലാഗിരിക്ക് എതിരെ നടന്ന മത്സരത്തിനിടെയാണ് സുലി മുണ്ടാരിക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടായത്. എതിര്‍ ടീമിന്റെ ആരാധകര്‍ മുണ്ടാരിയുടെ പേരെടുത്ത് പറഞ്ഞ് “കറുത്തവന്‍ ഫുട്‌ബോള്‍ കളിക്കേണ്ട” എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെയാണ് താരം പ്രതിഷേധിക്കുന്നത്.
ആരാധകരുടെ വംശീയാധിക്ഷേപത്തിനെതിരെ താരം റഫറിയോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഇടപെട്ടിരുന്നില്ല. കാണികള്‍ അധിക്ഷേപം തുടര്‍ന്നപ്പോള്‍ അവരുടെ അടുത്തേക്ക് പോയ താരം “തന്റെ തൊലി കറുത്തതാണെങ്കിലും താനും മനുഷ്യനാണെന്ന്” പറയുകയായിരുന്നു.
ഇതിനെതിരെ നടപടി സ്വീകരിച്ച റഫറി അനുവാദമില്ലാതെ കളികളുടെ അടുത്തേക്ക് പോയതിന് മഞ്ഞക്കാര്‍ഡ് നല്‍കി. റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച മുണ്ടാരി കളി മതിയാക്കി ഡ്രസ്സിങ്ങ് റൂമിലേക്ക് പോവുകയും ചെയ്തു. താരത്തിന്റെ നടപടിക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും നല്‍കിയാണ് റഫറി പ്രതികരിച്ചത്.
ഇതിന് ശേഷം റഫറിയോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് സംഘാടകര്‍ മുണ്ടാരിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ വംശീയമായ അധിക്ഷേപിക്കപ്പെട്ട താരത്തിനെതിരെ നടപടി സ്വീകരിച്ച റഫറിയും സംഘാടകരും നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സഹതാരങ്ങള്‍ രംഗത്തെത്തിയത്.