രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് തനിക്ക് നല്‍കിയ നിര്‍ദേശമെന്ന് ഷഫീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഫറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ വന്ന ചില പോസ്റ്റുകള്‍ക്ക് കമന്റിട്ടതാണ് ജോലിനഷ്ടപ്പെടാന്‍ കാരണമെന്നും ഷഫീഖ് പറഞ്ഞു. തന്റെ കമന്റിലെ ഭാഷമോശമാണെന്നും ഇവിടെ ജോലി ചെയ്യുന്ന അധ്യാപകന്‍ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും പറഞ്ഞ് മാനേജ്‌മെന്റ് രംഗത്തുവരികയായിരുന്നു.
മാനേജര്‍ തന്നെ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അത് ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്. ഇതനുസരിച്ച് തനിക്കെതിരെ നടപടിവരില്ലെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനുശേഷം മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് തന്നെ പുറത്താക്കാന്‍ തീരുമാനിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
“നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.
എയ്ഡഡ് പദവിയുള്ള സുല്ല മുസലാം കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഓണ്‍ കോണ്‍ട്രാക്ട് ആയാണ് ഷഫീഖ് ജോലി ചെയ്തിരുന്നത്. രേഖാമൂലം അറിയിപ്പു നല്‍കാതെ ഈ പോസ്റ്റില്‍ നിന്നു പിരിച്ചുവിടുന്നതിനു നിയമപരമായ സാധുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നും ഷഫീഖ് പറയുന്നു.