ക്ലബ്ബ് വാങ്ങാന്‍ ഭാര്യയില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പോര്‍ട്ട്‌സ്മൗത്ത് മുന്‍ ഉടമയ്ക്ക് ജയില്‍ശിക്ഷ
Football
ക്ലബ്ബ് വാങ്ങാന്‍ ഭാര്യയില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ പോര്‍ട്ട്‌സ്മൗത്ത് മുന്‍ ഉടമയ്ക്ക് ജയില്‍ശിക്ഷ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Feb 15, 02:52 pm
Thursday, 15th February 2018, 8:22 pm

ക്ലബ്ബ് വാങ്ങുന്നതിനായി ഭാര്യയുടെ അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ പോര്‍ട്ട്‌സ്മൗത്ത് മുന്‍ ഉടമ സുലൈമാന്‍ അല്‍ ഫഹീമിന് അഞ്ചു വര്‍ഷത്തെ തടവ്ശിക്ഷ. ദുബായ് ക്രിമനല്‍ കോടതിയുടേതാണ് വിധി. തട്ടിപ്പിന് കൂട്ടു നിന്നതിന് ഒരു ബാങ്ക് ഉദ്യോഗസ്ഥനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ബാങ്ക് സന്ദര്‍ശിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അല്‍ ഫഹീമിന്റെ ഭാര്യ അറിഞ്ഞിരുന്നത്. ബാങ്ക് അധികൃതരോട് നടപടിക്ക് ആവശ്യപ്പെട്ടെങ്കിലും ഇല്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചത്.

 

2009 കാലയളവില്‍ 6 ആഴ്ചയിലേക്ക് പോര്‍ട്ട്‌സ്മൗത്തിന്റെ ഉടമയായിരുന്നു സുലൈമാന്‍ അല്‍ ഫഹീം. ഈ സമയത്ത് പോര്‍ട്ട്‌സ്മൗത്ത് പ്രീമിയര്‍ലീഗില്‍ കളിച്ചിരുന്നു. നിലവില്‍ ലീഗ് വണ്ണിലാണ് പോര്‍ട്ട്‌സ്മൗത്ത് കളിക്കുന്നത്.

2009ല്‍ അബൂദാബി യുണൈറ്റഡ് ഗ്രൂപ്പ് മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുത്തപ്പോഴും സുലൈമാന്‍ അല്‍ ഫഹീം ആയിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. യു.എ.ഇയിലെ ഡൊണാള്‍ഡ് ട്രംപ് എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഫഹീം ആണ് റൊബീഞ്ഞോ ഉള്‍പ്പെടെയുള്ള താരങ്ങളെ ക്ലബ്ബിലെത്തിക്കാന്‍ നീക്കം നടത്തിയിരുന്നത്. എന്നാല്‍ ക്ലബ്ബ് ഏറ്റെടുത്ത് ഒരാഴ്ചയ്ക്കകം ഗ്രൂപ്പ് അല്‍ ഫഹീമിനെ മാറ്റി ഖല്‍ദൂല്‍ അല്‍ മുബാറക്കിനെ സ്ഥാനമേല്‍പ്പിക്കുകയായിരുന്നു.