വീണ്ടും കേരളം മാതൃകയാവുന്നു: സംസ്ഥാന ഹജ്ജ് കമ്മറ്റിയിലെ ആദ്യ വനിതാ അംഗം സുലൈഖ സംസാരിക്കുന്നു
Gender Equity
വീണ്ടും കേരളം മാതൃകയാവുന്നു: സംസ്ഥാന ഹജ്ജ് കമ്മറ്റിയിലെ ആദ്യ വനിതാ അംഗം സുലൈഖ സംസാരിക്കുന്നു
ഷാരോണ്‍ പ്രദീപ്‌
Sunday, 12th August 2018, 5:54 pm

17 കോടിയോളമാണ് ഇന്ത്യയിലെ മുസ്‌ലീം ജനവിഭാഗത്തിന്റെ ജനസംഖ്യ. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തോളമാണിത്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മുസ്‌ലീം ജനസംഖ്യ വിഭാഗമാണിത്. എന്നാല്‍ രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളിലുള്ള മുസ്‌ലീം വിഭാഗത്തിന്റെ പ്രാതിനിധ്യം ജനസംഖ്യക്ക് ആനുപാതികമല്ല. അതിലും എത്രയോ ചെറിയ ശതമാനം മാത്രമാണ് മുസ്‌ലീം മതവിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ അധികാരകേന്ദ്രങ്ങളിലെ പ്രാതിനിധ്യം.

എന്നാല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പുനസംഘാടനം കഴിയുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത പ്രതീക്ഷയുടേതാണ്. ചരിത്രത്തിലാദ്യമായി ഒരു വനിതാ അംഗം ഹജ്ജ് കമറ്റിയില്‍ ഇടം നേടുമ്പോള്‍ ലിംഗവിവേചനത്തിലൂന്നിയ രാഷ്ട്രീയ വ്യവസ്ഥിതികള്‍ പലതും തകരുന്നു. ഐ.എന്‍.എല്‍ നേതാവായ എല്‍.സുലൈഖ ആണ് ആദ്യ ഹജ്ജ് കമ്മറ്റി അംഗമായിക്കൊണ്ട് ചരിത്രമെഴുതിയിരിക്കുന്നത്.


ALSO READ: ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി


കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 16 അംഗ കമ്മറ്റിയില്‍ ഇടം പിടിച്ച ഏക വനിതയാണ് സുലൈഖ. മുസ്‌ലിം ലീഗ് നേതാവായ പി.വി അബ്ദുള്‍ വഹാബ് എം.പി, ഇടതുപക്ഷ എം.എല്‍.എ ആയ കാരാട്ട് റസാഖ്, സി.പി.ഐ നേതാവായ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരടങ്ങിയ കമ്മറ്റിയിലാണ് കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ സുലൈഖ തെരഞ്ഞെടുക്കപ്പെടുന്നത്.



മറ്റ് മുസ്‌ലീം സംഘടനകളായ സമസ്ത, കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍, സുന്നി എ.പി, ജമാഅത്ത് തുടങ്ങിയ സംഘടനകളൊന്നും നാളിതുവരെയായിട്ടും ഒരു വനിത അംഗത്തെ ഹജ്ജ് കമ്മറ്റിയിലേക്ക് നാമനിര്‍ദേശം നടത്താന്‍ തയ്യാറാവാതിരിക്കുമ്പോഴാണ് ഐ.എന്‍.എലിന്റെ ഭാഗത്ത് നിന്നും തീര്‍ത്തും മാതൃകാപരമായ നീക്കം ഉണ്ടായിരിക്കുന്നത്.

പെട്ടന്ന് ഉണ്ടായ നാമനിര്‍ദേശമല്ല സുലൈഖയുടേത്. കണിശമായ രാഷ്ട്രീയ ജീവിതവും, പൊതുരംഗത്തെ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും തന്റെ യോഗ്യതയായി മുന്നോട്ട് വെയ്ക്കാന്‍ സുലൈഖയ്ക്ക് സാധിക്കും. കാഞ്ഞങ്ങാട് നഗരസഭയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സണാണ് സുലൈഖ. കാഞ്ഞങ്ങാടെ കരുവാലം വാര്‍ഡില്‍ നിന്ന് വിജയിച്ച സുലൈഖ പാലിയേറ്റിവ് കെയര്‍ വളന്റിയര്‍ കൂടെയാണ്.

“”എന്നെ സംബന്ധിച്ച് വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കാവുന്ന വലിയൊരു അംഗീകാരം തന്നെയാണ് ഈ സ്ഥാനം. ഹജ്ജ് ചെയ്യാന്‍ വേണ്ടി ഏറ്റവുമധികം മുന്നോട്ട് വരുന്നത് സ്ത്രീകളാണ്. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെടാനുണ്ട്, അതിനു വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം”” സുലൈഖ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.



ഭരണകക്ഷിയും, ഐ.എന്‍.എല്‍ പിന്തുണയ്ക്കുന്ന കക്ഷിയുമായ ഇടതുപക്ഷ മുന്നണിയെ തീരുമാനത്തില്‍ പ്രകീര്‍ത്തിക്കാനും ഹജ്ജ് കമ്മറ്റിയിലെ ആദ്യവനിതാ അംഗം മറക്കുന്നില്ല.

“”വനിതാ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടത് ഇടതുപക്ഷ സര്‍ക്കാറാണ്. അങ്ങിനെയാണ് പാര്‍ട്ടി എന്റെ പേര് നിര്‍ദേശിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തി തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്.”” സുലൈഖ പറഞ്ഞു.

സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, അവരുടെ പ്രാതിനിധ്യം കൊണ്ടും ഉണ്ടാവുന്ന മാറ്റങ്ങള്‍ സമൂഹം അംഗീകരിക്കുകയും ചെയ്യണമെങ്കില്‍ തന്റെ ഭാഗത്തുനിന്ന് മികച്ച പ്രവര്‍ത്തനം ഉണ്ടാവേണ്ടതുണ്ടെന്നും സുലൈഖ കൂട്ടിച്ചേര്‍ക്കുന്നു.

ദളിത്, മുസ്‌ലീം, വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരെ കൃത്യമായ പ്രാതിനിധ്യം നല്‍കി കൊണ്ട് ഭരണ രംഗങ്ങളിലേക്ക് കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സുലൈഖയില്‍ എത്തി നില്‍ക്കുകയാണ്. മലപ്പുറം പൊന്നാനി തെയ്യങ്ങാട് സ്‌കൂളിലെ അധ്യാപികയായ സുഹറാബിയെ ഹജ്ജ് വളന്റിയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും, ദളിത് വിഭാഗത്തില്‍ നിന്നുള്ള യദുകൃഷ്ണനെ ക്ഷേത്രത്തിലെ പൂജാരിയാക്കി ഉത്തരവിറക്കിയും നേരത്തെ കേരള സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍