| Sunday, 13th February 2022, 10:50 am

പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു സുകുമാരി ചേച്ചി; ലാലു അലക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രോ ഡാഡിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രായിരുന്നു ലാലു അലക്‌സിന്റെ കുര്യന്‍ മാളിയേക്കല്‍. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച അന്നയുടെ അച്ഛനായി സിനിമയിലുടനീളം ജീവിക്കുകയായിരുന്നു ലാലു അലക്‌സ്.

പല രംഗങ്ങളിലും സഹതാരങ്ങളുടെ പ്രകടനത്തെപ്പോലും നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു ലാലു അലക്‌സ്.

പ്രേക്ഷകര്‍ ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ സ്വീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ലാലു അലക്സ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതാരംഭത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ലാലു അലക്സ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

ചെറുപ്പം മുതല്‍ തന്നെ നല്ല കൊമേഡിയന്‍ ആയിരുന്നെന്നും അതായിരിക്കാം വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് തന്നെ ഹാസ്യതാരമായി മാറ്റിയതെന്ന് ലാലു അലക്‌സ് പറഞ്ഞു.

‘ചെറുപ്പം മുതലേ സിനിമയിലും കൂട്ടുകാര്‍ക്കൊപ്പവും കോമഡി ആസ്വദിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെയുള്ളില്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ കിടപ്പുണ്ട്. അതായിരിക്കും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ തലമുറ കോമഡി നടനായാണ് കണുന്നതെന്ന് തോന്നുന്നു. സന്തോഷത്തോടെയാണ് ആ മാറ്റവും നോക്കിക്കാണുന്നത്. കോമഡി പറഞ്ഞ് രംഗത്ത് വരുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടം വരുന്നവെന്നാണ് അനുഭവം,’ താരം പറയുന്നു.

ഒരുപാട് നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും അടുപ്പമുണ്ടായിരുന്നത് സുകുമാരിയോടായിരുന്നുവെന്ന് ലാലു അലക്‌സ് പറഞ്ഞു.

‘ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചിയൊക്കെ വലിയ പിന്തുണയും സ്‌നേഹവും നല്‍കിയിട്ടുണ്ട്. ചേച്ചി അടുത്തുള്ളുപ്പോള്‍ നമുക്ക് ഒരു തലവേദന വന്നുവെന്ന് വിചാരിക്കുക. ഉടനെ ചേച്ചിയുടെ കൈയില്‍ മരുന്നുണ്ടാകും. അല്ലെങ്കില്‍ കാലിന് വേദയുണ്ടോ അതിനും മരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു. അതുപോലെ തന്നെയാണ് മീനാമ്മ ചേച്ചിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകളുടെ ഇടയിലേക്കിറങ്ങുമ്പോള്‍ എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ലാലു അലക്‌സ് പറഞ്ഞു.

‘ആളുകളുടെ ഇടയില്‍ പോകുമ്പോള്‍ ഞാന്‍ തിരിച്ചറിയപ്പെടുന്നുണ്ട്. അത് വലിയ സന്തോഷം. അതാണ് ഇത്രയും കാലം കൊണ്ട് ഞാനുണ്ടാക്കിയ ക്യാപിറ്റല്‍. ചിലര്‍ക്ക് ഇത്ര കോടി ആസ്തിയുണ്ട്, മറ്റ് സൗകര്യങ്ങളുണ്ട് എന്ന് പറയുമ്പോള്‍ ആയിരിക്കും സന്തോഷം കിട്ടുന്നത്. എന്നാല്‍ എനിക്ക് കിട്ടുന്ന അംഗീകാരമാണ് എന്റെ വലിയ സന്തോഷം. ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടി. വലിയ അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തയാളാണ് ഞാന്‍. എന്നിട്ടും ആളുകള്‍ എന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്രയൊക്കെ മതി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ലാലു അലക്സിന്റെ തിരിച്ചുവരുവുകൂടിയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ നമ്മള്‍ കണ്ടത്.

പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹോട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Content Highlights: Sukumari Chechi was indescribably wonderful; Lalu Alex

We use cookies to give you the best possible experience. Learn more