| Monday, 16th July 2012, 12:57 pm

എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം കോണ്‍ഗ്രസിന് ദോഷം ചെയ്യും: സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോട്ടയം: എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യം പാമ്പ് കീരിയെ വേളികഴിച്ചതുപോലെയാണെന്ന മഹിളാ കോണ്‍ഗ്രസിന്റെ  പ്രതികരണം വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ ധാര്‍മിക അധഃപതനത്തെയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം കോണ്‍ഗ്രസിനു ദോഷം ചെയ്യുമെന്നും സാമൂഹികനീതി തകര്‍ത്തവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. []

എന്‍.എസ്.എസ് -എസ്.എന്‍.ഡി.പി ചര്‍ച്ച സുദൃഢമായ ഐക്യത്തിനു വഴിതെളിയിക്കും.  വിശദമായ ചര്‍ച്ചകളിലൂടെ, ഐക്യത്തിനു തടസമാകുന്ന വിഷയങ്ങള്‍ വിട്ടുവീഴ്ചയിലൂടെ പരിഹരിച്ച് ഐക്യം നിലനിര്‍ത്തുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മറ്റു ഭൂരിപക്ഷവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഭൂരിപക്ഷവിഭാഗ ഐക്യംകെട്ടിപ്പടുക്കുക എന്നതാണ് എന്‍.എസ്.എസിന്റെ ആത്യന്തിക ലക്ഷ്യം. അതിനു കൂറേകൂടി സാവകാശം ആവശ്യമാണ്. ഐക്യം ഒരുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും അതിനായി നേരിട്ടുള്ള ചര്‍ച്ച നടത്തുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

മേല്‍ത്തട്ടുപരിധി 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നുള്ള എസ്.എന്‍.ഡി.പി നേതൃയോഗത്തിന്റെ ആവശ്യത്തെ എതിര്‍ക്കുന്നില്ല. കാരണം സംവരണവിഭാഗങ്ങള്‍ക്കും ദോഷം വരാതെ സംവരണേതരസമുദായങ്ങളിലെ പാവങ്ങള്‍ക്ക് സാമൂഹിക നീതി ലഭിക്കുന്ന സാഹചര്യം  ഉണ്ടാകുമെന്നതിനാലാണതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുക, ഹൈന്ദവ വിശാല ഐക്യം, പിന്നാക്ക – ദളിത് ഐക്യം എന്നീ ലക്ഷ്യങ്ങള്‍ക്കൊന്നും എന്‍.എസ്.എസ് എതിരല്ല. എന്നാല്‍ അതില്‍ പങ്കുചേരാന്‍ എന്‍.എസ്.എസിന്റെ നയങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more