[] ന്യൂദല്‍ഹി: സുകുമാരന്‍ നായരുടെ അഭിപ്രായം എന്‍.എസ്.എസിന്റേതായി കാണേണ്ടന്നും മുഖ്യമന്ത്രി വര്‍ഗീയത കളിക്കുന്നു എന്ന് എന്‍.എസ്.എസ് പറയില്ലെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി.
മുഖ്യമന്ത്രി വര്‍ഗീയത കളിക്കുന്നു എന്ന് പറയുക സുകുമാരന്‍ നായര്‍ മാത്രമായിരിക്കും. അദ്ദേഹത്തിന്റെ ആ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ടെന്നും വയലാര്‍ രവി പറഞ്ഞു. []
പാരമ്പര്യമുള്ള സംഘടനയാണ് എന്‍എസ്.എസ്. മന്നത്ത് പത്മനാഭന്റെപാരമ്പര്യം സുകുമാരന്‍ നായര്‍ ഉള്‍ക്കൊളളണം. കേരളത്തിന്റെ ഭരണം നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കില്ല. ഭരണം നിയന്ത്രിക്കാമെന്ന വ്യാമോഹം സമുദായസംഘടനകള്‍ക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്നാണു താന്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹി സന്ദര്‍ശനത്തോടെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് അവസാനം ഉണ്ടാകും.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുന്നത് സര്‍ക്കാരിന് ഗുണം ചെയ്യും. കെ.പി.സി.സി പ്രസിഡന്റാകാന്‍ താനില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.
രമേശിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചതെന്നും വയലാര്‍ രവി പറഞ്ഞു.