മാപ്പുപറച്ചില്‍ മാനനഷ്ടത്തിന് പരിഹാരമാവില്ലെന്ന് സുകുമാരന്‍ നായര്‍
Kerala
മാപ്പുപറച്ചില്‍ മാനനഷ്ടത്തിന് പരിഹാരമാവില്ലെന്ന് സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2013, 10:10 am

[]കോട്ടയം:  തന്നെയും സമുദായത്തേയും പരിഹസിച്ചതിന് ചന്ദ്രിക ദിനപത്രം നടത്തിയ ഖേദപ്രകടനം തൃപ്തികരമല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

മന്നത്തെയും സമുദായത്തെയും തന്നെയും അധിക്ഷേപിക്കുകയാണ് ചന്ദ്രിക ചെയ്തത്. എന്‍.എസ്.എസിനെതിരെ മാത്രമല്ല വ്യക്തിപരമായും അധിക്ഷേപിക്കുകയാണ് പത്രം ചെയ്തത്. []

അതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചതില്‍ മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഖേദം പ്രകടിപ്പിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായില്ല. ഇതു സംബന്ധിച്ച് വൈകാതെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

വിവാദ ലേഖനം പ്രത്യക്ഷപ്പെട്ട പ്രതിച്ഛായ എന്ന പംക്തിയില്‍ “ചന്ദ്രികയുടെ വിശദീകരണം” എന്ന തലക്കെട്ടോടെയാണ് ഖേദപ്രകടനം. ഈ പംക്തിയില്‍ കഴിഞ്ഞ ദിവസമാണ് “പുതിയ പടനായര്‍” എന്ന തലക്കെട്ടില്‍ സുകുമാരന്‍ നായരെ ആക്ഷേപിക്കും വിധം ലേഖനം പ്രസിദ്ധീകരിച്ചത്.

ലേഖനം രാഷ്ട്രീയ വിവാദമാകുകയും ലീഗ് നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി പത്രം വിശദീകരണം നല്‍കിയത്.

അതേസമയം, എന്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ ചന്ദ്രികയുടെ വിശദീകരണം അപര്യാപ്തമാണെന്ന് എന്‍.എസ്.എസിന്റെ അഭിഭാഷകന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

വിവാദ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതു പലതും ഹിമാലയന്‍ നുണകളാണ്. മാധ്യമങ്ങളെ പഴിചാരി രക്ഷപെടാനാണു ചന്ദ്രിക ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.