| Sunday, 18th November 2018, 2:23 pm

കെ. സുരേന്ദ്രന് പിന്തുണയുമായി എന്‍.എസ്.എസ്; അറസ്റ്റ് അന്യായമെന്ന് സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങാനശേരി: പൊലീസ് വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പിന്തുണയുമായി എന്‍.എസ്.എസ്. സുരേന്ദ്രന്റെ അറസ്റ്റ് അന്യായമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ആചാരം ലംഘിച്ച് വരുന്നവരെ അറസ്റ്റു ചെയ്യുന്നത് അപകടമുണ്ടാക്കും. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുദ്ധസമാനമായ രീതിയിലാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചത്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി തിരക്കിട്ട് നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമം, നിരോധിക്കപ്പെട്ട മേഖലയിലേക്ക് കടന്ന് ചെല്ലാന്‍ ശ്രമം എന്നിവയാണ് സുരേന്ദ്രനെതിരെയുള്ള വകുപ്പുകള്‍.

Also Read:ശബരിമലയിലേക്ക് ബി.ജെ.പി ദേശീയ നേതാക്കളും എം.പിമാരും; കരുതല്‍ തടങ്കലിന് സാധ്യത

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു പൊലീസ് സുരേന്ദ്രനേയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more