വോട്ടര്‍മാര്‍ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല; സമദൂരം തന്നെ: നിലപാട് വ്യക്തമാക്കി സുകുമാരന്‍ നായര്‍
കോട്ടയം: മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകുമെന്ന് എന്‍.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്.എസിന് സമദൂര നിലപാടാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേര്‍ന്നെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണ് നിലപാട്. അത് വിശ്വാസികള്‍ക്ക് അനുകൂലവുമാണ്. ഈ നിലപാട് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എന്‍.എസ്.എസ് നല്‍കിയിട്ടില്ല. സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ മുതിര്ന്നതെന്തിനാണെന്നും സര്‍ക്കാരിന് സാവകാശം ചോദിക്കാമായിരുന്നില്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
റിവ്യു ഹര്‍ജിയില്‍ തീരുമാനം ആകും വരെ കാത്ത് കാത്ത് നിന്നിരുന്നെങ്കില്‍ സര്‍ക്കാരിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്നും ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.