| Tuesday, 21st December 2021, 2:01 pm

ഫഹദ് വരുമോയെന്നറിയില്ലായിരുന്നു, സംസാരിക്കാന്‍ നിര്‍ബന്ധിച്ചത് അല്ലു അര്‍ജുന്‍: സുകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഷ്പ സിനിമയില്‍ ബന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ റോള്‍ ഫഹദ് ഫാസില്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു എന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ നിര്‍ബന്ധിച്ചത് അല്ലു അര്‍ജുനായിരുന്നുവെന്നും സംവിധായകന്‍ സുകുമാര്‍. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാര്‍ ഫഹദിനോടുള്ള തന്റെ ഇഷ്ടത്തേയും ആരാധനയെയും പറ്റി തുറന്ന് പറഞ്ഞത്.

‘ഞാന്‍ കാണുന്ന ഫഹദിന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരമാണ്. ആ സിനിമയിലെ ഫഹദിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഫഫയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ബിഗ് ഫാനായി എന്ന് തന്നെ പറയാം.

ധാരാളം മലയാള സിനിമകള്‍ കാണുന്നവരാണ് തെലുങ്ക് പ്രേക്ഷകര്‍. ഒ.ടി.ടി കൂടി വന്നതോടെ തെലുങ്കില്‍ മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനായി. ട്രാന്‍സ് സിനിമ ഇവിടെ വളരെ പോപ്പുലറായിരുന്നു,’ സുകുമാര്‍ പറഞ്ഞു.

‘തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുഷ്പയുടെ എഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ മനസില്‍ ഫഹദായിരുന്നു മനസില്‍. ബന്‍വറിന് വേണ്ടി മറ്റാരെയും പരിഗണിച്ചിരുന്നില്ല. പക്ഷെ ഫഹദ് ഈ റോള്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു. വേറെയാരെയെങ്കിലും നോക്കണോയെന്ന് ആലോചിച്ചിരുന്നു.

പക്ഷെ, ആദ്യത്തെ ഓപ്ഷനിലുള്ളയാളുമായി സംസാരിച്ചുപോലും നോക്കാതെ മറ്റു ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന് അല്ലു ചോദിച്ചു. സംസാരിച്ചു നോക്കിയാലല്ലേ ഫഹദ് റോള്‍ ചെയ്യുമോ ഇല്ലയോ എന്ന് അറിയുകയുള്ളുവെന്നും പറഞ്ഞ് അല്ലു നിര്‍ബന്ധിച്ചുവെന്നും സുകുമാര്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ ഫഹദുമായി സംസാരിച്ചു. എന്റെ അവസാന ചിത്രമായ രംഗസ്ഥലം ഏറെ ഇഷ്ടമായെന്ന് ഫഹദ് പറഞ്ഞു. അങ്ങനെ അന്നത്തെ സംസാരത്തിനൊടുവില്‍ പുഷ്പയിലെ ബന്‍വര്‍ സിംഗ് ഷെഖാവത്താകാന്‍ അദ്ദേഹം സമ്മതിച്ചു.

ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ആരാധനയും വര്‍ദ്ധിച്ചു. മറ്റു ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ വരുന്ന സമയത്ത് സാധാരണയായി ഡയലോഗുകള്‍ ഷൂട്ടിംഗ് സമയത്ത് പ്രോംപ്റ്റ് ചെയ്തു കൊടുക്കാറുണ്ട്. പക്ഷെ ഫഹദ് പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് പറഞ്ഞു.

ഷൂട്ടിന്റെ ദിവസം സെറ്റില്‍ വെച്ചാണ് ഞാന്‍ ഡയലോഗ് അഭിനേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ളത്. ഡയലോഗ് എന്നതിനേക്കാള്‍ ആ സീന്‍ വിവരിച്ചു കൊടുക്കുകയും അതിനുശേഷം അവര്‍ക്ക് അഭിനയിക്കാനുള്ള സ്പേസ് നല്‍കുകയുമാണ് ഞാന്‍ ചെയ്യാറുള്ളത്. അഭിനേതാക്കളുടെ ക്രിയേറ്റീവ് ഫ്രീഡത്തിന് നിയന്ത്രണങ്ങള്‍ വെക്കരുതെന്നാണ് എന്റെ രീതി.

എന്റെ ഈ രീതി ഫഹദിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് വെക്കുകയും അവിടെ വെച്ച് ഡയലോഗ് മനസിലാക്കി പഠിച്ച് അഭിനയിക്കുകയുമായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കും. ആ ഭാഗത്തില്‍ പ്രധാനമായും ഫഹദും അല്ലുവും മാത്രമാണുള്ളത്,’ സുകുമാര്‍ പറയുന്നു.

റിലീസ് ചെയ്ത് മൂന്നു ദിവസം പിന്നിടുമ്പോള്‍ ആഗോള കളക്ഷനില്‍ 173 കോടിയാണ് പുഷ്പ വാരിക്കൂട്ടിയത്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് രണ്ടരക്കോടിയും തമിഴ്നാട്ടില്‍ നിന്ന് മൂന്നര കോടിയും, മഹാരാഷ്ട്രയില്‍ നിന്നു 12 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sukumar talks about fahad fasil

We use cookies to give you the best possible experience. Learn more