കൊവിഡിന് ശേഷം തിയറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നാണ് പുഷ്പ ദി റൈസ്. അല്ലു അര്‍ജുനെ ആര്യയിലൂടെ സൂപ്പര്‍ താരമാക്കിയ സുകുമര്‍ സംവിധാനം ചെയ്യുന്നു എന്നതും മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു എന്നതും ചിത്രത്തെ ചര്‍ച്ചാവിഷമാക്കിയിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു.
തനിക്ക് ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അക്ഷയ് കുമാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും സുകുമാര്‍ പറഞ്ഞു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് സുകുമാര്‍ ബോളിവുഡ് ചിത്രം ചെയ്യുന്നതിനെ പറ്റി പറഞ്ഞത്.
‘ഒരു അവസരം കിട്ടുകയാണെങ്കില്‍ ഹിന്ദി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഹിന്ദി സിനിമകളില്‍ നിന്നും ഒരുപാട് പ്രചോദനം കിട്ടിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളില്‍ നല്ല റീച്ച് കിട്ടാറുണ്ട്.
ഒരു ദിവസം സിനിമ സെറ്റിലിരിക്കെ അക്ഷയ് കുമാര്‍ എന്നെ വിളിച്ച് എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. ബോംബെയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ശരിയായ ഒരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യും,’ സുകുമാര്‍ പറഞ്ഞു.
‘ബോളിവുഡില്‍ നിന്നും ഇന്ന താരത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. കാരണം തിരക്കഥയാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്. എന്നാല്‍ തീര്‍ച്ചയായും അക്ഷയ് കുമാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.
രണ്ടാം ഭാഗം പുഷ്പയും ഷെഖാവത്തും തമ്മിലുള്ള സംഘര്‍ഷം തന്നെയായിരിക്കുമെന്ന് സുകുമാര്‍ പറഞ്ഞിരുന്നു. ‘തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ പുഷ്പ 2 ഒരു നല്ല ഡ്രാമ ആയിരിക്കുമെന്ന് തോന്നി. ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, തീര്‍ച്ചയായും അവരത് ആസ്വദിക്കും. 2022 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് വിചാരിക്കുന്നത്. പക്ഷേ കൊവിഡ് 19 നെ കൂടി ആശ്രയിച്ചിരിക്കും എല്ലാം,’ സുകുമാര്‍ പറഞ്ഞിരുന്നു.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: sukumar says he woulld like to work with akshay kumar