| Saturday, 1st April 2023, 3:16 pm

മേല്‍ജാതിക്കാരന് ജാതിവാല്‍ പ്രിവിലേജാണ്, ദളിതന് അപമാനിക്കപ്പെടാനുള്ള അടയാളവും | സുകിര്‍ത റാണിയുമായുള്ള അഭിമുഖം, ഒന്നാം ഭാഗം

വിഷ്ണു ശോഭന

സുകിര്‍തറാണി

വിഷ്ണു ശോഭന: രണ്ട് മിഠായിക്കഥകളെക്കുറിച്ച് സംസാരിച്ചു കൊണ്ട് നമുക്ക് തുടങ്ങാം. ഒന്ന്, രണ്ടാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക് സഹപാഠിയില്‍ നിന്ന് ഒരു തേങ്ങാ മിഠായി കിട്ടി. അതവളെ വല്ലാതെ സന്തോഷിപ്പിച്ചു. പിറ്റേന്ന് സ്‌കൂളിലേക്ക് വരുമ്പോള്‍ അവള്‍ ഒരു മിഠായി വാങ്ങി തന്റെ സഹപാഠിക്ക് തിരികെ നല്‍കാന്‍ ആഗ്രഹിച്ചു. പക്ഷേ ആ കുട്ടി അത് വാങ്ങാന്‍ തയ്യാറാകാതെ മുഖം തിരിച്ചു പോയി. കാരണം മിഠായി വാങ്ങിക്കൊണ്ടു വന്ന രണ്ടാംക്ലാസുകാരി ഒരു ദളിതയായിരുന്നു, സുകിര്‍ത റാണി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. രണ്ടാമത്തെ സംഭവം നടന്നത് കഴിഞ്ഞ സെപ്റ്റംബറില്‍ തെങ്കാശിയിലാണ്. കടയില്‍ വന്ന കുട്ടികളെ ദളിതരാണെന്ന കാരണത്താല്‍ മിഠായി കൊടുക്കാതെ പറഞ്ഞു വിടുകയുണ്ടായി. ഒരു മിഠായി വാങ്ങാനോ പങ്കുവെക്കാനോ കഴിയാത്ത വിധത്തില്‍ അരക്ഷിതമാണോ തമിഴ്‌നാട്ടിലെ ദളിത് ബാല്യങ്ങള്‍ ?

സുകിര്‍ത റാണി: ഞാന്‍ പലപ്പോഴും സംസാരിക്കുന്ന കാര്യമാണിത്. എന്തു കൊണ്ടെന്നാല്‍, ഇത് പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ ബാല്യം എങ്ങനെയായിരുന്നു, ഈ സമൂഹം എങ്ങനെയാണ് എന്നെ നോക്കിക്കണ്ടിരുന്നത്, എങ്ങനെയാണ് സമൂഹം എന്നെ നോക്കിക്കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് എന്നൊക്കെയുള്ള വിഷയങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ചെറുപ്പം മുതല്‍ ഞാന്‍ സമൂഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ നിന്ന് ഒരു ഉള്ളുണര്‍വ് എനിക്ക് ഉണ്ടായി വന്നിട്ടുണ്ട്‌.

കുടുംബത്തില്‍ വിദ്യാഭ്യാസം നേടിയ ആദ്യത്തെ തലമുറ എന്റേതാണ്. സാഹിത്യത്തില്‍ ഒരു തരത്തിലുള്ള പാരമ്പര്യവും എനിക്കുണ്ടായിരുന്നില്ല. എന്റെ കൂടെ പഠിച്ചിരുന്ന കുട്ടി മിഠായി വേണ്ടെന്നു പറഞ്ഞ് ഒഴിവാക്കിയ സംഭവം നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. എനിക്ക് മുമ്പുണ്ടായിരുന്ന കുട്ടികള്‍ക്കും എനിക്ക് ശേഷം വന്നവര്‍ക്കും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഡോ. ബി.ആര്‍. അംബേദ്കര്‍

അംബേദ്കര്‍ പോലും ക്ലാസ് മുറിക്കുള്ളില്‍ ഭീകരമായ വിവേചനങ്ങള്‍ നേരിട്ടിരുന്നില്ലേ. ക്ലാസില്‍ ഒരു മൂലയ്ക്ക് വിരിച്ചിട്ട ചാക്കു കഷ്ണത്തിലിരുന്നായിരുന്നല്ലോ അദ്ദേഹത്തിന് പഠിക്കേണ്ടി വന്നത്.

ഈ വിവേചനം കാലാകാലങ്ങളായി നടന്നു വരുന്നതാണ്. ഇത് സുകിര്‍തറാണിയുടെ മാത്രം അനുഭവമല്ല. ഈ രാജ്യത്തെ എല്ലാ ദളിത് മനുഷ്യരുടെയും അനുഭവമാണ്‌.

ചേരിയിലെ ദളിത് കുട്ടികളുമായി ഇടപെടുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞായിരിക്കും മേല്‍ജാതിക്കാര്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നത്. ജാതിബോധത്തെ വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ മനസില്‍ ഊട്ടി വളര്‍ത്തുന്നുണ്ട്. ഊരെന്നും ചേരിയെന്നുമായാണ് തമിഴ്‌നാട്ടില്‍ ജീവിതങ്ങളുള്ളത്. ഊര് എന്നത് മേല്‍ജാതിക്കാര്‍ക്കായി നിജപ്പെടുത്തിയ സ്ഥലമാണെന്നും ചേരി എന്നത് ദളിത് മനുഷ്യര്‍ താമസിക്കുന്ന സ്ഥലമാണെന്നും വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. നമ്മള്‍ ജാതിയില്‍ ഉയര്‍ന്നവരാണ്, അവര്‍ താഴ്ന്നവരാണ്, അവര്‍ പഠിക്കാത്തവരാണ് എന്നൊക്കെ പറഞ്ഞ് ആ കുട്ടികളുടെ മനസില്‍ ഒരു പൊതുബോധ ചിത്രം ഉണ്ടാക്കിയെടുക്കുന്നുണ്ട്. കുട്ടിക്കാലമെന്നത് ഒന്നുമറിയാത്ത നിഷ്‌കളങ്കമായ കാലമാണെന്ന് നാം പറയാറുണ്ടല്ലോ, ആ കാലത്തേ കുഞ്ഞുങ്ങളുടെ മനസില്‍ ജാതി മേല്‍ക്കോയ്മയുടെ വിഷം വിതയ്ക്കപ്പെടുന്നുണ്ട്.

ദളിതര്‍ അവരുടെ മക്കള്‍ക്ക് ജാതിബോധമല്ല മറിച്ച് എല്ലാവരെയും ഒന്നായിക്കാണണമെന്ന സമത്വബോധമാണ് പകര്‍ന്നു കൊടുക്കുന്നത്. ദളിത് മനുഷ്യര്‍ക്കും മേല്‍ജാതിക്കാര്‍ക്കുമിടയിലെ പ്രധാന വ്യത്യാസം ഇതാണ്.

മിഠായിയുമായി ബന്ധപ്പെട്ടുണ്ടായ ആ അനുഭവം എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത വിഷമമുണ്ടാക്കിയ ഒന്നാണ്. പക്ഷേ ജീവിതത്തെക്കുറിച്ച്, സമൂഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അതെനിക്ക് മനസിലാക്കി തന്നു. ആ കുട്ടി മിഠായി വാങ്ങാതെ പോയത് ഇപ്പോഴും എന്റെ ഉള്ള് നീറ്റുന്ന അനുഭവമാണ്.

കൗമാരകാലത്തെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നിരവധി നല്ല അനുഭവങ്ങള്‍ കാണും പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഇരുണ്ടകാലമാണ്. ഞാനിപ്പോള്‍ ഒരു അദ്ധ്യാപികയാണ്. എന്റെ ക്ലാസില്‍ പല ജാതി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികളെയും ഒരു പോലെയാണ് ഞാന്‍ കാണുന്നത്. ദളിത് കുട്ടികളെ മാത്രമേ ശ്രദ്ധിക്കൂ എന്നതല്ലല്ലോ നമ്മുടെ ചിന്ത. ജാതിയുടെ കണ്ണാടിയിലൂടെയല്ല നമ്മള്‍ കുട്ടികളെ നോക്കിക്കാണുന്നത്. എന്നാല്‍ ഞാന്‍ പഠിക്കുന്ന കാലത്ത് ഒരു ദളിത് ആയിരുന്നതിനാല്‍ എന്നെ പിന്‍ബെഞ്ചിലാണ് അധ്യാപകര്‍ ഇരുത്തിയിരുന്നത്.

മുമ്പൊക്കെ നന്നായി പഠിക്കുന്നവരെ മുന്‍നിരയില്‍ ഇരുത്താറുണ്ടല്ലോ, പക്ഷേ ഞാന്‍ ക്ലാസില്‍ ഒന്നാം സ്ഥാനം വാങ്ങിയാലും എന്നെ മുന്നില്‍ ഇരുത്തില്ല. എന്റെ അധ്യാപകര്‍ എന്നെ പരിഗണിച്ചതിലും, ഞാന്‍ എന്റെ വിദ്യാര്‍ഥികളെ നോക്കിക്കാണുന്നതിലും വ്യത്യാസമുണ്ട്. എല്ലാവരും തുല്യരായിരിക്കണമെന്നാണ് എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിക്കുന്നത്.

തെങ്കാശി, പുതുക്കോട്ടൈ  ജില്ലകളൊക്കെ ജാതി വിവേചനങ്ങളുടെ കേന്ദ്രങ്ങളാണ്. പുതുക്കോട്ടൈയിലെ വേങ്കൈവയലിലാണ് ഇപ്പോള്‍ ദളിത് മനുഷ്യരുപയോഗിക്കുന്ന കുടിവെള്ള ടാങ്കില്‍ മലം കലക്കിയിരിക്കുന്നത്. മനുഷ്യന്റെ കുടിവെള്ളത്തില്‍ മലം കലക്കുന്നത്ര ഭീകരമാണ് കാര്യങ്ങള്‍.

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അനുഭവിച്ച ജാതി വിവേചനം ഇന്നും അതേ പടി, അല്ലെങ്കില്‍ അതിലും രൂക്ഷമായ തരത്തില്‍ നിലനില്‍ക്കുന്നു. അന്ന് ഞാന്‍ പോയി ചോദിച്ചപ്പോള്‍ എനിക്ക് കടക്കാരന്‍ മിഠായി തന്നിരുന്നു.  കടയില്‍ നിന്ന് മിഠായി വാങ്ങാനെങ്കിലും എനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ദളിത് കുട്ടികള്‍ക്ക് അതിനുപോലും കഴിയുന്നില്ല. ദളിത് മനുഷ്യര്‍ക്ക് തങ്ങളുടെ കടകളില്‍ നിന്നും ഒന്നും കൊടുക്കണ്ട എന്ന് ഒരു കൂട്ടമാളുകള്‍ തീരുമാനമെടുക്കുകയാണ്.

ഇപ്പോള്‍ ദളിത് സംഘടനകളുണ്ട്, ദളിത് രാഷ്ട്രീയമുണ്ട്‌, അംബേദ്കറിന്റെ ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു, ആ കാലത്തും ഈ വിവേചനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

വിഷ്ണു ശോഭന :
കഴുത്തില്‍ തൂക്കിയ തുകല്‍ ചെണ്ടയോടെ
അച്ഛനെ തെരുവില്‍ കണ്ടപ്പോള്‍
ഞാന്‍ മുഖം തിരിച്ച്, അദ്ദേഹത്തെ കടന്നു പോയി
കാരണം, എന്നെ തല്ലുന്ന അധ്യാപികയോട്
അദ്ദേഹത്തിന്റെ ജോലിയെന്തെന്നും
അദ്ദേഹത്തിന്റെ വരുമാനമെന്തെന്നും
ഞാന്‍ വെളിപ്പെടുത്തുകയില്ല
ചങ്ങാതിമാരില്ലാതെ പിന്‍ബെഞ്ചില്‍
ഞാന്‍ ഒറ്റക്കിരുന്നു, കരഞ്ഞുകൊണ്ട്
അതാരും പക്ഷേ അറിഞ്ഞില്ല
പക്ഷേ ഇപ്പോള്‍ ആരെങ്കിലും എന്നോട് ചോദിച്ചാല്‍
ഞാന്‍ തുറന്നു പറയും; ഞാന്‍ പറച്ചി

സുകിര്‍തറാണിയുടെ, ‘ഞാന്‍ തുറന്നു സംസാരിക്കുന്നു’ എന്ന കവിതയിലെ വരികളാണിവ. സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവും അതിന്റെ പ്രഖ്യാപനവും ഒരു ചെറിയ കാലയളവിനുള്ളില്‍ നടക്കുന്നതല്ല. തീവ്രവും നിരന്തരവുമായ ജീവിതാനുഭവങ്ങളുടെ തുടര്‍ച്ചയായി വേണം ആ പ്രഖ്യാപനത്തെ മനസ്സിലാക്കാന്‍

സുകിര്‍തറാണിയുടെ, ‘ഞാന്‍ തുറന്നു സംസാരിക്കുന്നു’ എന്ന കവിത

സുകിര്‍ത റാണി: ഈ കവിതയ്ക്ക് കാരണമായ സംഭവം ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്നതാണ്. അത് മുഴുവന്‍ എന്റെ ജീവിതമാണ്. അച്ഛന്‍ പറയടിക്കുന്നതും (തുകല്‍ ചെണ്ട), ചത്ത പശുക്കളുടെ തോലുരിക്കുമ്പോള്‍ കാക്കകളെ ആട്ടിയോടിക്കുന്നതുമെല്ലാം എന്റെ അനുഭവങ്ങളാണ്. എന്റെ കവിതകളില്‍ സങ്കല്‍പങ്ങളെ കണ്ടെത്താന്‍ അല്‍പം പ്രയാസമായിരിക്കും, കാരണം ഭൂരിഭാഗം കവിതകളും എന്റെ ആത്മാംശം പേറുന്നവയാണ്. സത്യമാണ് അതിന്റെ അടിസ്ഥാനം, സത്യവും വിശ്വാസവും ദളിത് മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അവ  ഒരു കൈവിളക്ക് പോലെയാണ്. ദളിതുകളുടെ എഴുത്തിനും ഇത് ആവശ്യമാണ്.

എന്റെ സ്വത്വമെന്നത് എന്റെ ജീവിത്തതിന് പുറത്തുള്ള ഒന്നല്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക് ഈ അനുഭവം ഉണ്ടാകുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 2000ലാണ്  ഈ കവിത എഴുതുന്നത്. ആ വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന പലവിധമായ അനുഭവങ്ങളുണ്ട്.

സമൂഹത്തെ നമ്മള്‍ കൂടുതലായി പഠിക്കുന്നു, ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ചരിത്രം നമ്മള്‍ വായിക്കുന്നു, അവരുടെ സാഹിത്യം വായിക്കുന്നു. ഇതൊക്കെ ലോകത്ത് എങ്ങനെയാണ്, ആര്‍ക്കെതിരെയാണ് അടിച്ചമര്‍ത്തലുകള്‍ നടക്കുന്നത് എന്നതിനെക്കുറിച്ച് മനസിലാക്കാന്‍ എന്നെ സഹായിച്ചു.

വിശാലമായ വായനകള്‍ നടത്തുമ്പോഴാണ് എന്ത് തരം രാഷ്ട്രീയ നിലപാടാണ്, എഴുത്ത് നിലപാടാണ് നമ്മള്‍ സ്വീകരിക്കേണ്ടതെന്ന്  മനസിലാക്കുന്നത്.

ഞാന്‍ എല്ലാവരെയും പോലെ ഒരു മനുഷ്യനാണ്, സമൂഹം കല്‍പിച്ചു നല്‍കിയിരിക്കുന്നതിനപ്പുറത്ത് എന്ത് സ്ഥാനമാണ് എനിക്ക് വേണ്ടത്, ഞാന്‍ പിടിച്ചെടുക്കേണ്ടത് തുടങ്ങിയ  ആലോചനകളിലൂടെയാണ് എന്റെ എഴുത്തുകള്‍ ഉണ്ടായി വരുന്നത്. സത്രീ വിമോചനത്തെക്കുറിച്ചും ദളിത് വിമോചനത്തെക്കുറിച്ചും എഴുതുന്നവരെല്ലാം തന്നെ ഇത്തരം ചിന്തകളിലൂടെ കടന്നു പോകുന്നുണ്ട്.ഒരു ബദല്‍ ചിന്തയാണ്, വേറിട്ട ശബ്ദമാണ് ആവശ്യം. അത്തരത്തിലുള്ള ഒരു എഴുത്താണ് ദളിത് സാഹിത്യമെന്ന് ഞാന്‍ കരുതുന്നു.

എഴുത്ത് തനിയെ പൊട്ടിമുളച്ച് വരുന്നതല്ല.

സരസ്വതി ജ്ഞാനപ്പാലൂട്ടിയോ നാവില്‍ ശൂലത്താലെഴുതിയോ അല്ല നമുക്ക് അറിവും എഴുത്തും ഉണ്ടായി വരുന്നത്. അതൊക്കെ വെറും മിത്തുകളാണ്.

അതിലെ യുക്തിയില്ലായ്മയെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. പെരിയോറിനെപ്പോലെയുള്ളവര്‍ ആ തിരിച്ചറിയല്‍ ബോധത്തെ നമുക്ക് പകര്‍ന്നു തന്നിട്ടുണ്ട്. ആ ബോധം കൊണ്ട് കാര്യങ്ങളെ വിലയിരുത്തുമ്പോള്‍, സരസ്വതി എങ്ങനെ ശൂലം കൊണ്ട് നാവില്‍ എഴുതുമെന്നും, അങ്ങനെയെഴുതിയാല്‍ നാവ് മുറിഞ്ഞ് രണ്ട് കഷ്ണമാവുകയില്ലേ എന്നൊക്കെയുള്ള ആലോചനകളിലേക്ക് നമ്മള്‍ എത്തും.

ജാതിയെ ഇല്ലാതാക്കുക എന്നതാണ് എല്ലാവരും ലക്ഷ്യമിടുന്നത്. അംബേദ്കറും അയോതി ദാസും അവര്‍ക്ക് ശേഷം വന്ന ദളിത് മുന്നേറ്റങ്ങളും എഴുത്തുകാരുമെല്ലാം ജാതി ഉന്മൂലനത്തെപ്പറ്റിയാണ് സംസാരിക്കുന്നത്.

അയോതി ദാസ്‌

ജാതി ഉന്മൂലനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ ജാതിയറ്റവളായി മാറണം. ഞാന്‍ സ്വത്വ രാഷ്ട്രീയത്തെ മുന്നോട്ട് വെക്കുന്ന ഒരാളാണ്. ജാതി ഉന്മൂലനത്തെക്കുറിച്ച് പറയുന്ന നിങ്ങള്‍ എങ്ങനെയാണ് സ്വത്വ രാഷ്ട്രീയത്തെ മുന്നോട്ട് വെക്കുന്നത് എന്ന ചോദ്യമുയരും. എന്തിന് ദളിത് എഴുത്താള്‍ എന്നു പറയണം.

തമിഴ്‌നാട്ടില്‍ നിരവധി ജാതികളുണ്ട്. മുതലിയാര്‍, ചെട്യാര്‍, തേവര്‍. അവരൊക്കെ എഴുതുമ്പോള്‍ മുതലിയാര്‍ സാഹിത്യമെന്നോ, തേവര്‍ സാഹിത്യമെന്നോ പറയുന്നില്ലല്ലോ.

അപ്പോള്‍ പിന്നെ എന്തിനാണ് ദളിത് എഴുത്ത്, ദളിത് എഴുത്താളുകള്‍ എന്നൊക്കെ പറയുന്നതെന്ന ചോദ്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

നമ്മള്‍ മുമ്പ് പറഞ്ഞവയെല്ലാം തന്നെ മേല്‍ജാതികളാണ്. അവര്‍ ഒരു തരത്തിലുള്ള ആക്രമണങ്ങളും നേരിടുന്നില്ല. ദളിതരെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ നിന്ന് ഒരു പുറന്തള്ളല്‍ നേരിടുന്നുണ്ട്. ആക്രമണങ്ങളും ലൈംഗികപീഡനങ്ങളുമുണ്ട്. അപ്പോള്‍ അതിനെപ്പറ്റി അവര്‍ എഴുതണമല്ലോ. എങ്കിലല്ലേ ആ പ്രശ്‌നങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യൂ. അവയാണ് ദളിത് സാഹിത്യമായി പരിണമിച്ചത്.

എല്ലാവരും ലോകത്തില്‍ സമന്മാരാണെങ്കില്‍ ദളിതര്‍ സ്വത്വരാഷ്ട്രീയാധിഷ്ഠിതമായി എഴുതേണ്ട ആവശ്യമുണ്ടാകില്ലല്ലോ. അതങ്ങനെയല്ലാത്തതു കൊണ്ട്‌ വിവേചനങ്ങളെപ്പറ്റി നമുക്ക് എഴുതേണ്ടി വരും.ജാതിയാണ് സ്ത്രീകളുടെ അടിമത്തത്തിന്റെയും പുരുഷ മേധാവത്വത്തിന്റെയും അടിസ്ഥാനം. ജാതി ഉന്മൂലനത്തിനായി മതത്തെ നമ്മള്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതൊക്കെ ചോദ്യം ചെയ്യുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ ശബ്ദമായി മാറും. ലോകത്ത് എവിടെയൊക്കെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ പ്രതിരോധങ്ങളുണ്ടോ അവിടങ്ങളിലെ സാഹിത്യങ്ങളെല്ലാം ആ മണ്ണിനോടും മനുഷ്യനോടും ഭാഷയോടുമുള്ള അടയാളത്തോട് കൂടിയായിരിക്കും നിലനില്‍ക്കുന്നത്.

ഒരു മേല്‍ജാതി എഴുത്തുകാരന്‍ ജാതിയില്ലെന്ന് പറയുമ്പോള്‍ അത് ആഘോഷിക്കപ്പെടും. എന്നാല്‍ സുകിര്‍ത റാണി ജാതിയറ്റവളാണെന്ന് പറഞ്ഞ് എഴുതിയാലും അവളെ ജാതിയില്ലാത്തവളായി സമൂഹം ഉള്‍ക്കൊള്ളില്ല. സ്‌കൂളില്‍ പോകുമ്പോള്‍, കടയില്‍ പോകുമ്പോള്‍, ജോലിക്ക് പോകുമ്പോള്‍, കുടിവെള്ളമെടുക്കാന്‍ പോകുമ്പോള്‍ എല്ലായിടത്തും നിങ്ങള്‍ നിഷേധിക്കപ്പെടുന്നു.

ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, ചത്ത് ശ്മശാനത്തിലേക്ക് പോകുമ്പോഴും ഈ വിവേചനം അതേപടി നിലനില്‍ക്കുന്നത് നമ്മള്‍ അനുഭവിക്കുന്നു.

അപ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, എന്റെ സ്വത്വത്തിനുള്ളില്‍ നിന്നുകൊണ്ട് , എന്റെ എഴുത്തുകളിലൂടെ നിങ്ങളുടെ സവര്‍ണ ബോധങ്ങളെ എന്തു കൊണ്ട് ചോദ്യം ചെയ്തു കൂടെന്ന്.

ഒരു മേല്‍ജാതിക്കാരനെ സംബന്ധിച്ചിടത്തോളം ജാതിവാലെന്നത് ഒരു പ്രിവിലേജ് ആണ്‌. എന്നാല്‍ ഒരു ദളിത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാളുടെ ജാതി അപമാനത്തിന്റെ ചിഹ്നമായാണ് സമൂഹം അടയാളപ്പെടുത്തുന്നത്. എന്റെ സ്വാതന്ത്ര്യത്തിനുള്ള ഒരു ആയുധമായാണ് ഞാന്‍ സ്വത്വത്തെ കാണുന്നത്. അപമാനിക്കലുകളെ തകര്‍ക്കാനുള്ള ഒരു ടൂളാണത്.

സ്വത്വ രാഷ്ട്രീയത്തെ മുന്നോട്ട് വെക്കാത്ത എഴുത്തുകള്‍ക്ക് ഉപദേശങ്ങളുടെ സ്വഭാവമേ ഉണ്ടാകൂ. അവ വളരെ സോഫ്റ്റായിരിക്കും, കോംപ്രമൈസ് ചെയ്യേണ്ടതായി വരും. പക്ഷേ എനിക്ക് ഉച്ചത്തില്‍ വിപ്ലവാത്മകമായി വേണം എഴുതേണ്ടത്. ജാതി സംവിധാനങ്ങളോട് നിരന്തരം ഇടപെട്ടും സംവദിച്ചും കൊണ്ട് മാത്രമേ അതിനെ ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയൂ. ഒരു കലഹ ശബ്ദമാണത്.

വിഷ്ണു ശോഭന: എഴുത്തുകാരിയായ സുകിര്‍ത റാണിയോടാണ് ചോദ്യം, സവര്‍ണ ബ്രാഹ്മണ ബോധങ്ങള്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന ഗുഢാലോചനകളെയും അധിക്ഷേപങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യാന്‍ ഒരു ദളിത് എഴുത്താളേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് തമിഴ് എഴുത്തുകാരി ബാമ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ, അതിനോടുള്ള പ്രതികരണം?

സുകിര്‍ത റാണി :ദളിതരെ കുറിച്ച് ദളിതര്‍ മാത്രമേ എഴുതാവൂ എന്നത് പോലെ തന്നെ സ്ത്രീകളെ കുറിച്ച് സ്ത്രീകള്‍ മാത്രമേ എഴുതാവൂ എന്നൊരു വാദവും ഉയര്‍ന്നു വരുന്നുണ്ട്. സ്ത്രീവിമോചനത്തിനായി എഴുതുന്ന സ്ത്രീകളല്ലാത്ത നിരവധി പേരുള്ളതു പോലെ തന്നെ ദളിത് മനുഷ്യരുടെ വിമോചനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ദളിതരല്ലാത്ത നിരവധി പേരുമുണ്ട്‌.

സ്ത്രീകളെപ്പറ്റി സ്ത്രീകള്‍ക്ക് മാത്രമേ എഴുതാന്‍ കഴിയൂ എന്ന് ഞാന്‍ പറയുന്നില്ല. സ്ത്രീകളുടെ അടിമത്തത്തെക്കുറിച്ച് പെരിയോര്‍ ‘പെണ്‍ ഏന്‍ അടിമൈയാനാല്‍’ എന്നൊരു പുസ്തകം പോലുമെഴുതിയിട്ടുണ്ട്. പെരിയോറിനെ ഒരു ഫെമിനിസ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്‌. അംബേദ്കറിനെയും ഫെമിനിസ്റ്റായാണ് കാണുന്നത്‌. 

പെരിയോര്‍

ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകളെപ്പറ്റി സ്ത്രീകള്‍ക്ക് കൂടുതലായി എഴുതാന്‍ കഴിയും. സ്ത്രീകളെപ്പറ്റി ഒരു പുരുഷന്‍ എഴുതുമ്പോള്‍ അത് സമ്പൂര്‍ണമാകുമെന്ന് പറയാന്‍ കഴിയില്ല. അംബേദ്കര്‍ എഴുതുമ്പോഴും പെരിയോര്‍ എഴുതുമ്പോഴും അത് 99 ശതമാനത്തിലേക്കേ എത്തൂ. ഒരു സ്ത്രീ എഴുതുമ്പോള്‍ മാത്രമേ അത് പൂര്‍ണതയിലേക്കെത്തൂ.

ഇതുപോലെ തന്നെയാണ് ദളിത് മനുഷ്യരുമായി ബന്ധപ്പെട്ട എഴുത്തിന്റെ കാര്യവും. ‘മനുഷ്യങ്കടാ നാങ്ക മനുഷ്യങ്കടാ’ എന്നൊരു കവിതയുണ്ട്. ഈന്‍ക്വിലാബ് എന്ന കവിയാണ് അതെഴുതിയത്. അദ്ദേഹം മുസ്‌ലിം സമുദായത്തില്‍ പെട്ട ഒരു മനുഷ്യനാണ്. കീല്‍വെണ്‍മണിയിലെ ദളിത് കൂട്ടക്കൊലയും മറ്റ് ജാതി വിവേചനങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ആ കവിത, ദളിത് മനുഷ്യരുടെ ഒരു ‘ദേശീയ’ ഗാനമായാണ് തമിഴ്‌നാട്ടില്‍ പരിഗണിക്കപ്പെടുന്നത്. അതായത് ദളിത് ഇതര സമുദായത്തില്‍ പെട്ട മനുഷ്യര്‍ക്കും പ്രസ്തുത വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ കഴിയും. എന്നാല്‍ മറ്റുള്ളവര്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ജാതി വിവേചനത്തെപ്പറ്റി എഴുതാന്‍ എഴുതാന്‍ ദളിത് എഴുത്തുകാര്‍ക്കാണ് സാധിക്കുക.

‘മനുഷ്യങ്കടാ നാങ്ക മനുഷ്യങ്കടാ’ എന്ന കവിത എഴുതിയ ഈന്‍ക്വിലാബ്

‘വിടുതലൈയിന്‍ പതാകൈ’ (സ്വാതന്ത്ര്യത്തിന്റെ കൊടി) എന്ന കവിതയിലാണ് ഞാന്‍ ഖൈര്‍ലാന്‍ജിയില്‍ പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ട പ്രിയങ്കയെക്കുറിച്ച് എഴുതിയത്. ഞാന്‍ കരഞ്ഞു കൊണ്ടെഴുതിയ കവിതയാണത്. അതിലെ അവസാന വരികള്‍ ഇങ്ങനെ പറയുന്നു,

‘എന്റെ യോനിയില്‍ തറച്ചുകയറ്റിയ
കുറ്റിയുടെ അഗ്രത്തില്‍
രക്തത്താല്‍ നിറം പൂശിയ
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പതാക പാറട്ടെ,

ഇത് ആര്‍ക്ക് എഴുതാന്‍ കഴിയുമെന്ന് ചോദിച്ചാല്‍ ഒരു ദളിത് പെണ്ണിന് മാത്രമേ കഴിയൂ. ആ വേദന ഒരു ദളിത് പെണ്ണിനേ ആ അളവില്‍ മനസിലാകൂ. ആ ജീവിതം അവരാണ് ജീവിക്കുന്നത്‌. സമത്വത്തെക്കുറിച്ച് സംസാരിക്കാത്ത ഒരെഴുത്തും സാഹിത്യമല്ല. ദളിതരുടെ എഴുത്താണ് സാഹിത്യത്തെ പൂര്‍ണമാക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ദളിത് മനുഷ്യര്‍ക്ക് എഴുത്ത് പ്രതിരോധവും പോരാട്ടവുമാണ്.

എഴുത്ത് ഒരു രാഷ്ട്രീയമാണ്. ഒരു മരം, അതില്‍ നിറയെ പഴങ്ങള്‍, അത് തിന്നാന്‍ വരുന്ന കിളികള്‍ ഇതിനെയെല്ലാം കുറിച്ച് നമുക്ക് ഒരു കവിതയെഴുതാം. പക്ഷേ ഞാന്‍ നോക്കുന്നത് ആ മരം എവിടെയാണ് നില്‍ക്കുന്നത് എന്നാണ്. അത് ഊരിലാണോ ചേരിയിലാണോ നില്‍ക്കുന്നത്. ഊരില്‍ പൂത്ത് കായ്ച് നില്‍ക്കുന്ന മരം എന്തു കൊണ്ടാണ് ചേരിയില്‍ ഇല്ലാത്തത്, അത്‌ അവിടെ നടാത്തതാണോ, പിഴുതുമാറ്റിയതാണോ, അതിന്റെ പഴങ്ങള്‍ ആര്‍ക്കാണ് കിട്ടിയത്, ആര്‍ക്കാണത് കിട്ടാക്കനിയായിരിക്കുന്നത്, അതിന്റെ കാരണമെന്താണ്. ഇതൊക്കെയാണ് എന്റെ കവിതയുടെ വിഷയം.

നാട്ടില്‍ ഉത്സവം നടക്കുമ്പോള്‍ ദൈവത്തിന്റെ വിഗ്രഹം വെച്ച് ഊരുവലം (ദേശപ്രദക്ഷിണം) വെക്കാറുണ്ടല്ലോ. ഒരു ദൈവവും ഇതുവരെ ചേരികളിലേക്ക് വന്നിട്ടില്ല.

വിഷ്ണു ശോഭന: ദല്‍ഹി യൂണിവേഴ്സിറ്റി അവരുടെ സിലബസില്‍ നിന്ന് സുകിര്‍തറാണിയുടെയും മഹാശ്വേതദേവിയുടെയും ബാമയുടെയും രചനകള്‍ ഒഴിവാക്കിയിരുന്നല്ലോ, എന്തുകൊണ്ടാണ് ഈ എഴുത്തുകള്‍ അധികാരികളെ ഇത്രത്തോളം അസ്വസ്ഥമാക്കുന്നത്?

സുകിര്‍ത റാണി : ഇതിന് നിരവധിയായ കാരണങ്ങളുണ്ട്. അവര്‍ ഒഴിവാക്കിയ എന്റെ കവിതകള്‍ മാനുവല്‍ സ്‌കാവഞ്ചേഴ്‌സിനെ പറ്റിയാണ്. ഡെബ്റ്റ് (Debt)  എന്നാണ് ആ കവിതയുടെ പേര്. ബാമയുടെ സംഗതി എന്ന നോവലില്‍ നിന്നുള്ള ചില ഭാഗങ്ങളും മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന ചെറുകഥയുമാണ് സിലബസില്‍ നിന്ന് ഒഴിവാക്കിയത്.

മഹാശ്വേതദേവി

ദളിത്, ആദിവാസി മനുഷ്യരുടെ പ്രശ്‌നങ്ങളാണ് ഈ രചനകള്‍ ചര്‍ച്ച ചെയ്യുന്നത്. ഞാനും ബാമയും അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങളില്‍ നിന്ന് വരുന്നവരാണ്. ഈ ഒഴിവാക്കലിന് അതൊരു കാരണമാണ്. രണ്ടാമതായി ഞങ്ങള്‍ രണ്ട് പേരും തമിഴ് നാട്ടില്‍ നിന്നുള്ളവരാണ്. മഹാശ്വേതാദേവി പശ്ചിമബംഗാളില്‍ നിന്നും. ബിജെപിക്ക് ഇതുവരെയും കാലൂന്നാന്‍ കഴിയാത്ത സംസ്ഥാനങ്ങളാണല്ലോ ഇതുരണ്ടും. ഇവിടങ്ങളിലെ പെണ്ണുങ്ങളുടെ എഴുത്ത് അങ്ങ് തലസ്ഥാനത്ത് കൊണ്ടുവന്ന് വെക്കണ്ട എന്നവര്‍ തീരുമാനിച്ചിട്ടുണ്ടാകും.

2021 ആഗസ്റ്റിലാണ് ഞങ്ങളുടെ രചനകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. അതേ വര്‍ഷം ഏപ്രിലില്‍ ‘ദയവു ചെയ്ത് ആത്മഹത്യ ചെയ്യുക’ എന്ന എന്റെ ഒരു കവിത, അംബേദ്കര്‍ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജെ.എന്‍.യുവിലും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലും വലിയ പോസ്റ്ററുകളിലെഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ അതിനെതിരായിരുന്നു.

ട്രംപ് മുമ്പ് ഇന്ത്യയില്‍ വന്നപ്പോള്‍ ചേരി പ്രദേശങ്ങളെല്ലം തുണി കെട്ടി മറച്ചിരുന്നുവല്ലോ. ഇന്ത്യയുടെ യഥാര്‍ത്ഥ മുഖത്തെ മറച്ചു പിടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനങ്ങളില്ലെന്നും ദാരിദ്ര്യമില്ലെന്നും ഭരണകൂടം പറയുമ്പോള്‍ അതിന്റെ ഭീകരമായ യാഥാര്‍ഥ്യങ്ങളെ കുറിച്ചാണല്ലോ ഞങ്ങളുടെ രചനകള്‍ സംസാരിക്കുന്നത്.

റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന, ചന്ദ്രനിലേക്ക് ആളെ അയക്കാനൊരുങ്ങുന്ന ഇന്ത്യയില്‍ ഇപ്പോഴും മലം വാരുന്ന കുറേ മനുഷ്യരുണ്ടെന്ന യാഥാര്‍ഥ്യമുണ്ടല്ലോ. അതിനെ നമ്മള്‍ അഭിസംബോധന ചെയ്യുന്നത് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്താതിരിക്കുമോ.

ഇന്ത്യന്‍ പട്ടാളത്തെ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥ ഒഴിവാക്കാനായി അവര്‍ പറഞ്ഞ കാരണം. ഇന്ത്യന്‍ പട്ടാളം ആദിവാസി സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന പീഡനത്തെക്കുറിച്ചായിരുന്നു ആ കഥ സംസാരിക്കുന്നത്. അതെങ്ങനെയാണ് അസത്യമാകുന്നത്.

രചനകള്‍ തിരികെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റൊമില ഥാപ്പര്‍, ആനന്ദ് പട്‌വര്‍ധന്‍ എന്നിവരുള്‍പ്പെടെ 1500ഓളം സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും ഒപ്പിട്ട ഒരു കത്ത് അന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് അയച്ചിരുന്നു.

തുടരും…

content highlight; sukirta rani interview part 1

വിഷ്ണു ശോഭന

We use cookies to give you the best possible experience. Learn more