| Saturday, 10th December 2022, 4:22 pm

ഹിമാചലില്‍ 'മുഖ്യമന്ത്രിപ്പോര്' തണുക്കുന്നു; സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: കോണ്‍ഗ്രസിന്റെ ഹിമാചലിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് രൂക്ഷമായിരുന്നു. എന്നാലിപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം.

ശനിയാഴ്ച വൈകീട്ട് ഷിംലയില്‍ വെച്ച് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും തീരുമാനം. യോഗത്തിന് ശേഷം സുഖ്‌വിന്ദറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് തവണ ഹിമാചലില്‍ എം.എല്‍.എയായ വ്യക്തിയാണ് സുഖ്‌വിന്ദര്‍ സിങ് സുഖു. സംസ്ഥാനത്തെ ഭൂരിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും പിന്തുണയും ഇദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് സുഖ്‌വിന്ദര്‍. കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായ ഇദ്ദേഹത്തിനായിരുന്നു ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും.

ബി.ജെ.പിക്കെതിരെ വ്യക്തമായ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഹിമാചല്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എമാര്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.

തന്റെ ഭര്‍ത്താവായിരുന്ന വീരഭദ്ര സിങ്ങിന്റെ ഓര്‍മകള്‍ക്ക് കൂടിയാണ് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിഭാ സിങ്ങിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നേതാവും മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയും ആയിരുന്നു വീരഭദ്ര സിങ്. ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് വീരഭദ്ര സിങ്.

വിമതരായി ജയിച്ച മൂന്ന് ബി.ജെ.പി എം.എല്‍.എമാരും ഇപ്പോള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെയും പിന്തുണ സുഖ്‌വിന്ദര്‍ സിങ്ങിനാണ്.

അതേസമയം, 2018ന് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്.

എന്നാല്‍ 2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുമായി അധികാരത്തിലേറിയ ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ 25ലേക്ക് ഒതുങ്ങി. മൂന്ന് ബി.ജെ.പി വിമതരും ഇവിടെ വിജയിച്ചിട്ടുണ്ട്. 35 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യമായി വേണ്ടിയിരുന്നത്.

കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം.

ഒ.ബി.സി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളിലും കോണ്‍ഗ്രസാണ് ആധിപത്യം നേടിയത്.

Content Highlight: Sukhwinder Singh Sukhu to Lead Himachal

We use cookies to give you the best possible experience. Learn more