ഖലിസ്ഥാൻവാദി സുഖ്ദുൽ സിങ്ങിന്റെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാനേതാവ്
ടൊറന്റോ: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദി സുഖ്ദുൽ സിങ്ങിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാനേതാവ് ലോറൻസ് ബൈഷ്ണോയ്. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിലും കുറ്റാരോപിതനായ ബൈഷ്ണോയ് നിലവിൽ മയക്കുമരുന്ന് കടത്ത് കേസിൽ അഹമ്മദാബാദിലെ ജയിലിൽ കഴിയുകയാണ്.
ബൈഷ്ണോയിയുടേതായി പറയപ്പെടുന്ന ഫേസ്ബുക് അക്കൗണ്ടിലെ പോസ്റ്റിലാണ് സുഖ്ദുൽ സിങ്ങിന്റെ മരണത്തിൽ ഉത്തരവാദിത്തം ഇയാൾ ഏറ്റെടുത്തത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗുണ്ടാനേതാക്കളായ ഗുർല ബ്രാർ, വിക്കി മിഡ്ഖേറ എന്നിവരുടെ കൊലപാതകത്തിൽ സുഖ്ദുൽ സിങ്ങിന് പങ്കുണ്ടെന്നും ഫേസ്ബുക് കുറിപ്പിൽ ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം കാനഡയിലെ വിന്നിപെഗിൽ ഗാങ്ങുകൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ബാംബിഹാ ഗാങ്ങിൽപെട്ട സുഖ്ദുൽ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ത്യ വാണ്ടഡ് പട്ടികയിൽ ഉൾപെടുത്തിയ ആളാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് അംഗം കൂടിയായ സുഖ്ദുൽ സിങ്. ഒരുപാട് ആളുകളുടെ ജീവിതം തകർത്ത സുഖ്ദുൽ സിങ് തന്റെ പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചു എന്ന് ബൈഷ്ണോയിയുടെ സംഘത്തിൽ ഉള്ളവർ പറഞ്ഞു.
കൊലപാതകം, കവർച്ച ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ സുഖ്ദുൽ സിങ് ബുധനാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വ്യാജ രേഖകൾ ഉണ്ടാക്കി 2017-ലാണ് ഇയാൾ കാനഡയിലേക്ക് കടന്നത്.
ജൂണിൽ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട ശേഷം ഖലിസ്ഥാൻ വാദികളുടെ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് പുനരുജ്ജീവിപ്പിക്കാൻ സുഖ്ദുൽ സിങ് ശ്രമിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായിരുന്നു.
കാനഡയിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. കാനഡ പൗരന്മാർക്ക് വിസ നൽകുന്നതും ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്.
Content Highlight: Sukhdool Singh killing; Gangster Lawrence Bishnoi claims responsibility