കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് എല്ലാ ആഴ്ചയും ഒരോ പെട്ടി മദ്യകുപ്പികള്‍ അയക്കും: സുഖ്ബീര്‍ സിങ് ബാദല്‍
national news
കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് എല്ലാ ആഴ്ചയും ഒരോ പെട്ടി മദ്യകുപ്പികള്‍ അയക്കും: സുഖ്ബീര്‍ സിങ് ബാദല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 8:42 am

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് ആഴ്ചയില്‍ ഓരോ പെട്ടി വീതം മദ്യകുപ്പികള്‍ അയക്കാറുണ്ടെന്ന് അകാലി ദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍. പഞ്ചാബ് സര്‍ക്കാര്‍ കെജ്‌രിവാള്‍ ആണ് നയിക്കുന്നതെന്നും സിങ് ആരോപിച്ചു.

‘ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി മാനിന് എല്ലാ ആഴ്ചയും ഓരോ പെട്ടി മദ്യകുപ്പികള്‍ വീതം ദല്‍ഹിയില്‍ നിന്ന് അയക്കാറുണ്ട്. പഞ്ചാബ് സര്‍ക്കാരിനെ നയിക്കുന്നത് കെജ്‌രിവാളാണ്.

എല്ലാ ആഴ്ചയും ഓരോ പെട്ടി മദ്യകുപ്പികള്‍ അയച്ചിട്ട് മാനിനോട് ഓഫീസില്‍ തുടരാനും അവിടെ ആസ്വദിക്കാനും പറയും. എന്നിട്ട് കെജ്‌രിവാള്‍ പഞ്ചാബ് സര്‍ക്കാരിനെ നയിക്കും,’ സുഖ്ബീര്‍ സിങ് ബാദലിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് കാരണം ആംആദ്മി പാര്‍ട്ടി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

സിദ്ദു ഉള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ സുരക്ഷ റദ്ദാക്കിയെന്ന് സര്‍ക്കാരാണ് കൊലയാളികളെ അറിയിച്ചത്. ഇതാണ് ഇപ്പോള്‍ സിദ്ദുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂനെയില്‍ നിന്നാണ് പ്രതി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് ജാദവ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

ലോറന്‍സ് ബിഷ്ണോയ് ഗ്യാങിലെ അംഗമാണ് ജാദവ്.

പ്രതിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. ജൂണ്‍ 20വരെ കസ്റ്റഡിയില്‍ വിട്ടു. ജാദവിന്റെ സഹായി നവ്നാഥ് സൂര്യവംശിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 29നാണ് സിദ്ദു മൂസെവാല അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്.

സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിനെ രക്ഷിക്കാനായില്ല.

സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു അപകടം. സിദ്ദുവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ
വി.വി.ഐ.പികള്‍ക്ക് അവനുവദിച്ചിരുന്ന പ്രത്യേക സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 420 വി.വി.ഐ.പി.കളുടെ സുരക്ഷയായിരിക്കും സര്‍ക്കാര്‍ പുന:സ്ഥാപിക്കുക.

Content Highlight: Sukhbir singh badal against kejriwal says kejriwal is ruling the punjab government