ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ തടഞ്ഞ ഹരിയാന സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷനവിമര്‍ശനവുമായി ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍. ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശത്തിന്റെ അവസാന ദിനത്തിനാണ് കര്‍ഷകര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ന് പഞ്ചാബിന്റെ 26/11 ആണ്. ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശത്തിന്റെ അവസാനത്തിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. സമാധാനപരമായ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രവും ഹരിയാന സര്‍ക്കാരും ശ്രമിക്കുന്നത്, സുഖ്ബീര്‍ പറഞ്ഞു.
അതേസമയം കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് തടയാന്‍ പുതിയ ഇടപെടലുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഖട്ടര്‍ പറഞ്ഞത്.
അതോടൊപ്പം നിരപരാധികളായ കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് സംഘടിപ്പിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്നും ഇത് ശരിയല്ലെന്നുമായിരുന്നു ഖട്ടറിന്റെ വിമര്‍ശനം.
അമരീന്ദര്‍ ജീ, ദയവ് ചെയ്ത് കര്‍ഷകരെ ഓരോന്ന് പറഞ്ഞ് സംഘടിപ്പിക്കരുത്. എം.എസ്.പിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഞാന്‍ രാഷ്ട്രീയജീവിതം തന്നെ ഉപേക്ഷിക്കും. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുത്, എന്നാണ് ഖട്ടര്‍ പറഞ്ഞത്.
കഴിഞ്ഞ മൂന്ന് ദിവസമായി അമരീന്ദര്‍ സിംഗുമായി ചര്‍ച്ചയ്ക്ക് താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഖട്ടര്‍ പറഞ്ഞു.
നേരത്തെ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.
ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്നായിരുന്നു അമരീന്ദന്‍ സിങ് പറഞ്ഞത്.
എം.എല്‍ ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടന്നുപോകാന്‍ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താതിരിക്കൂ. സമാധാനപരമായി അവരെ ദല്‍ഹിയിലേക്ക് കടത്തിവിടൂ’ എന്നായിരുന്നു അമരീന്ദര്‍ സിങ് ട്വിറ്ററില്‍ എഴുതിയത്.
ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ തടയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ച് ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചായിരുന്നു ഹരിയാന പൊലീസ് കര്‍ഷകരെ നേരിട്ടത്.
സമാധാനപരമായി ഇവിടേക്ക് മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേരത്തെ തന്നെ കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിരുന്നു.
അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക