മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്തപ്പെട്ട ചിത്രമാണ് ഭൂതക്കണ്ണാടി. എ.കെ. ലോഹിതദാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആ വര്‍ഷം ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളും വാരികൂട്ടിയിരുന്നു.
മമ്മൂട്ടിയുടെ പ്രകടനം ഇന്നും ചര്‍ച്ചയാകാറുണ്ടെങ്കിലും വേണ്ടതുപോലെ ചര്‍ച്ച ചെയ്യപ്പെടാത്ത മറ്റൊരു കഥാപാത്രം കൂടി ഭൂതക്കണ്ണാടിയിലുണ്ട്, നടി ശ്രീലക്ഷ്മി അവതരിപ്പിച്ച പുള്ളുവത്തി സരോജിനി.
പുള്ളുവത്തി സരോജിനിയാവാന്‍ ശ്രീലക്ഷ്മി ചിത്രത്തിലേക്ക് എത്തിയതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ചിത്രത്തില്‍ നായികയാവാന്‍ പുതുമുഖങ്ങളുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ നോക്കിയിരുന്നു. ഒടുവില്‍ അന്ന് സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തു. ലോഹിതദാസിനും അന്ന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലാല്‍ജോസിനും അവര്‍ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് തോന്നി. എന്നാല്‍ മമ്മൂട്ടിക്കും ഛായാഗ്രാഹകന്‍ വേണുവിനും എതിര്‍ അഭിപ്രായമായിരുന്നു. അതിനാല്‍ ശ്രീലക്ഷ്മിയെ പറഞ്ഞുവിടേണ്ടി വന്നു.
പിന്നീടാണ് സുകന്യയെ നായികയായി വിളിക്കുന്നത്. സുകന്യയെ വെച്ച് രണ്ട് ദിവസം ഷൂട്ടും നടത്തി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുകന്യ പറഞ്ഞു. മോശം കഥാപാത്രമാണെന്നും എക്‌സ്‌പോസ് ചെയ്യപ്പെടുന്നുമെന്നുമാണ് അന്ന് സുകന്യ പറഞ്ഞ കാരണങ്ങള്‍.
സുകന്യ പോയതോടെ നിര്‍മാതാക്കള്‍ വീണ്ടും ശ്രീലക്ഷ്മിയിലേക്ക് തന്നെ എത്തി. അന്ന് സാധാരണ വേഷത്തില്‍ വന്ന ശ്രീലക്ഷ്മിയെ ലാല്‍ജോസ് പുള്ളുവത്തിയുടെ വേഷത്തില്‍ സെറ്റിലെത്തിച്ചു. കഥാപാത്രമായി ശ്രീലക്ഷ്മിയെ കണ്ടതോടെ മമ്മൂട്ടിയും വേണുവും അത്ഭുതപ്പെട്ടു. സുകന്യക്ക് പോകാന്‍ തോന്നിയത് നന്നായി, ഇല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമായിരുന്നു എന്നാണ് അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് പിന്നീട് ലാല്‍ജോസ് ഒരു പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്.
ശ്രീലക്ഷ്മി പുള്ളുവത്തി സരോജിനിയെ ഗംഭീരമാക്കി. ഒടുവില്‍ ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ശ്രീലക്ഷ്മിയും ഭൂതക്കണ്ണാടിക്കായി നേടി.
Content Highlight: sukanya was the first option for bhoothakannadi