മമ്മൂട്ടി സാർ അധികം സംസാരിക്കില്ല, പക്ഷെ ആ സിനിമയിൽ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്: സുകന്യ
Entertainment
മമ്മൂട്ടി സാർ അധികം സംസാരിക്കില്ല, പക്ഷെ ആ സിനിമയിൽ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്: സുകന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th September 2024, 9:40 pm

തമിഴ് സിനിമകളിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടിയാണ് സുകന്യ. അഭിനയത്തിന് പുറമേ നർത്തകി കൂടിയായ സുകന്യ മലയാളത്തിലും നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം സാഗരം സാക്ഷി, മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ജയറാമിന്റെ നായികയായി തൂവൽ കൊട്ടാരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ സുകന്യ അവതരിപ്പിച്ചിരുന്നു.

ഇവയിൽ അഭിനയത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത സാഗരം സാക്ഷി. മമ്മൂട്ടി, തിലകൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതാദാസ് ആയിരുന്നു.

ഒരു സ്ത്രീയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോവാൻ അവസരം ലഭിച്ച കഥാപാത്രമാണ് സാഗരം സാക്ഷിയെന്ന സിനിമയെന്നും തനിക്ക് വലിയ വെല്ലുവിളി ഉയർത്തിയ കഥാപാത്രമാണ് അതെന്നും സുകന്യ പറയുന്നു. മമ്മൂട്ടി അധികം സംസാരിക്കില്ലായിരുന്നുവെന്നും എന്നാൽ അഭിനയിക്കാൻ നല്ല സപ്പോർട്ട് ചെയ്തിരുന്നുവെന്നും സുകന്യ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു സുകന്യ.

‘ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം നൽകിയ സിനിമയാണ് സാഗരം സാക്ഷി. അഭിനേത്രി എന്ന നിലയിൽ വെല്ലുവിളി ഉയർത്തിയ നിരവധി രംഗങ്ങളുള്ള സിനിമ.

പണക്കാരിയായും പിന്നീട് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവളായും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടും അപമാനിതയായും അങ്ങനെ പലതരം അവസ്ഥകളിലൂടെ കടന്നുപോയി. അവതരിപ്പിച്ച വേഷങ്ങളിൽ ഇന്നും പ്രിയപ്പെട്ടതാണ് സാഗരംസാക്ഷിയിലെ നിമ്മിയെന്ന നിർമല.

അഭിനയ കാര്യത്തിൽ തിലകൻസാറിൽനിന്നും മമ്മുക്കയിൽനിന്നുമെല്ലാം ഒരുപാടുകാര്യങ്ങൾ പുതുതായി പഠിക്കാൻ കഴിഞ്ഞു. മമ്മൂട്ടിസാർ അധികമൊന്നും സംസാരിക്കില്ല. എന്നാൽ ഒപ്പം അഭിനയിക്കുന്നവരെ കംഫർട്ടായി നിർത്തുന്ന വ്യക്തിയാണദ്ദേഹം,’സുകന്യ പറയുന്നു.

Content Highlight: Sukanya Talk About Experience With Mammootty In Sagaram Sakshi