മുംബൈ: “കഹാനി” സംവിധായകന്‍ സുജോയ് ഘോഷ് നെറ്റഫ്ളിക്സിനു വേണ്ടി പുതിയ വെബ് സീരീസ് ഒരുക്കുന്നു. പ്രേത ബാധയുള്ള ഒരു വീടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ടൈപ്റൈറ്റര്‍ എന്നാണ്.
സീരീസ് പൂര്‍ണ്ണമായും ഗോവയില്‍ വെച്ചാണ് ചിത്രീകരിക്കുക എന്ന് നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ ക്രിയേറ്റീവ് എക്സിക്യുട്ടീവ് സിമ്രാന്‍ സേഥ് പറഞ്ഞു. “സുജോയ് ഘോഷ് ആണ് ടൈപ്റൈറ്റര്‍ സംവിധാനം ചെയ്യുക. പദ്ധതിയെക്കുറിച്ചുള്ള ആശയം അദ്ദേഹം പങ്കു വെച്ചപ്പോള്‍ തന്നെ ഇതൊരു നെറ്റ്ഫ്ളിക്സ് സീരീസാകുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു”- സേഥ് പറഞ്ഞു.
കഹാനി, TE3N എന്നീ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഘോഷ്. 2015 പുറത്തിറങ്ങിയ അഹല്യ എന്ന ഹ്രസ്വ ചിത്രവും ഘോഷിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
ഇന്ത്യയെ വലിയ മാര്‍ക്കറ്റ് ആയി വിലയിരുത്തുന്ന നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ ഡിജിറ്റല്‍ മൂവി പ്ലാറ്റ്ഫോം ഭീമന്മാര്‍ നിരവധി ചിത്രങ്ങളാണ് ഇന്ത്യക്കായി ചിത്രീകരിക്കുന്നത്. ഏറെ ജനപ്രീതി നേടിയ സാക്രഡ് ഗെയ്മ്സിന്റെ രണ്ടാം പതിപ്പും ഈയിടെ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരുന്നു.