മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുചിത്ര. സീരിയലിലൂടെയും ബിഗ് ബോസിലൂടെയും വരുമ്പോൾ സിനിമയിൽ വേഷങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെയുള്ള ഒരു സംവിധായകന് അതൊരു ബുദ്ധിമുട്ടല്ലെന്നും സുചിത്ര പറഞ്ഞു. അദ്ദേഹം അതൊന്നും നോക്കിയിട്ടല്ല തന്നെ സെലക്ട് ചെയ്തതെന്ന് സുചിത്ര കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ലിജോ സാറിനെ പോലെയുള്ള ഡയറക്ടേഴ്സിന് അതൊരു ബുദ്ധിമുട്ടല്ല. സാർ അതൊന്നും നോക്കിയിട്ട് ആയിരിക്കില്ലല്ലോ എന്നെ സെലക്ട് ചെയ്തത്. വേണമെങ്കിൽ പറയാമായിരുന്നു ‘ആ കുട്ടി സീരിയൽ ഉണ്ട്. നമുക്ക് അത് വേണ്ട’ എന്ന് വിചാരിച്ചിട്ട് ആരോടും പറയാതിരിക്കാമായിരുന്നു.
പക്ഷേ സാർ സീരിയൽ കാണാത്ത കൊണ്ടാണോ എന്നെനിക്കറിയില്ല. ജസ്റ്റ് ഗൂഗിളിൽ സെർച്ച് ചെയ്താൽ എന്റെ വാനമ്പാടി സീരിയലിലെ ഫോട്ടോകളാണ് വരിക. സാർ എന്തായാലും നോക്കാതിരിക്കില്ല. എന്നെക്കുറിച്ച് അറിയണമെങ്കിൽ ഒന്നെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യേണ്ടിവരും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞ് എന്നെക്കുറിച്ച് അറിയും. ആ കുട്ടിയുണ്ട് എന്ന് പറയുമ്പോൾ തന്നെ അതാ സീരിയലിൽ ഉണ്ടായിരുന്ന കുട്ടിയല്ലേ എന്നാവും പറയുക. സാറിന് വേണമെങ്കിൽ എന്നെ ഒഴിവാക്കാമായിരുന്നു,’ സുചിത്ര പറഞ്ഞു.
മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.
Content Highlight: Sujithra about Lijo jose pellisheri