മലയാളത്തിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് സുജിത് വാസുദേവ്. കേരള കഫേയിലെ ചെറിയൊരു സെഗ്മെന്റിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സുജിത് സിനിമാലോകത്തേക്ക് കടന്നുവന്നത്. ശേഷം മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, ലൂസിഫര്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്കും അദ്ദേഹം ക്യാമറ നിര്‍വഹിക്കുകയുണ്ടായി.
2013ല്‍ അയാള്‍, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. ജെയിംസ് & ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് സുജിത് വാസുദേവ് ആണ്.
എമ്പുരാനില്‍ ഒരു സ്റ്റാറ്റിക് ഫ്രേമുകള്‍ പോലും ഉപയോഗിച്ചിട്ടില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സുജിത് വാസുദേവ്.
എമ്പുരാനിലും, ലൂസിഫറിലും സ്റ്റാറ്റിക് ഫ്രേമുകള്‍ ഒന്നും തന്നെയില്ലെന്നും പൃഥ്വിരാജിനും തനിക്കും ആ കാര്യത്തില്‍ പെര്‍ഫക്ഷന്‍ നിര്‍ബന്ധമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താന്‍ വളരെ പെര്‍ഫക്ഷനിസ്റ്റാണെന്നും പൃഥ്വിരാജ് തന്നെക്കാളും പെര്‍ഫക്ഷനിസ്റ്റാണെന്നും അതുകൊണ്ടുതന്നെ പല ടെക്നീഷ്യന്‍സും ഈ ഗ്രൂപ്പിലേക്ക് വിളിച്ചാല്‍ വരാറില്ലെന്നും സുജിത് വാസുദേവ് പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൂസിഫറില്‍ സ്റ്റാറ്റിക് ഫ്രെയിമുകള്‍ ഉണ്ടായിരുന്നില്ല. എമ്പുരാനിലും സ്റ്റാറ്റിക് ഫ്രെയിമ്സ് ഇല്ല. പൃഥ്വിരാജ് ഇടക്ക് ലൊക്കേഷനില്‍ വന്ന് പറയും, പ്രശാന്ത് നീലിന്റെ ലൊക്കേഷനില്‍ പോകുമ്പോള്‍ ട്രോളിയുടെ സ്പീഡിന്റെ കാര്യം, പ്രശാന്ത് അവിടെ നിന്ന് പറയും ഓക്കെ സ്റ്റാര്‍ട് ക്യാമറ, ലൂസിഫര്‍ ട്രോളി എന്ന്. ഇങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് ശരിക്കും ഒരു വലിയ കോപ്ലിമെന്റാണ്.
അത് എനിക്കും രാജുവിനും നല്ല ധാരണ ഉള്ള കാര്യമാണ്. അങ്ങനെയൊരു പെര്‍ഫെക്ഷന്‍ വേണമെന്നുള്ളത്. ഞാന്‍ കുറച്ചധികം പെര്‍ഫക്ഷനിസ്റ്റാണ്. രാജു അതിനപ്പുറം ഒരു പെര്‍ഫക്ഷനിസ്റ്റാണ്. അതുകൊണ്ട് പല ടെക്നീഷന്‍സും പറയാറുണ്ട്, അയ്യോ ആ ഗ്രൂപ്പിലേക്ക് വിളിച്ചാല്‍ ഞാന്‍ ഇല്ലയെന്ന്,’സുജിത് വാസുദേവ് പറയുന്നു
Content Highlight: Sujith Vasudev talks about Prithviraj and Empuraan movie