Advertisement
Entertainment
ഞങ്ങള്‍ ഞെട്ടി; ലൂസിഫറിന്റെ ലൊക്കേഷന്‍ മറ്റൊന്നായിരുന്നെങ്കില്‍ ആ മാസ് എന്‍ട്രി കിട്ടില്ലായിരുന്നു: സുജിത് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 02:16 pm
Friday, 28th February 2025, 7:46 pm

മലയാളത്തിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് സുജിത് വാസുദേവ്. കേരള കഫേയിലെ ചെറിയൊരു സെഗ്മെന്റിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സുജിത് സിനിമാലോകത്തേക്ക് കടന്നുവന്നത്. ശേഷം മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫറിലും ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവ് തന്നെയായിരുന്നു. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയാണ് സുജിത്.

ലൂസിഫറില്‍ മോഹന്‍ലാല്‍ കാറില്‍ വരുന്ന സീനില്‍ കാറിന് ഒരു ചെരിവ് ഉണ്ടായിരുന്നു. തങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ കാറിന്റെ ചെരിവിനെ കുറിച്ച് പരസ്പരം പറഞ്ഞിരുന്നുവെന്നാണ് സുജിത് പറയുന്നത്.

‘ഞങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ പരസ്പരം പറഞ്ഞ ഒരു കാര്യമായിരുന്നു, ആ ഇന്‍ട്രോ സീനിലെ കാറിന്റെ ചെരിവ്. ലാല്‍ സാറിന്റെ നടത്തം പോലെയാണ് അതെന്ന് ആളുകള്‍ ആലോചിച്ചിട്ടുണ്ടെങ്കില്‍ അതിനെയാണ് ദൈവ ഭാഗ്യമെന്ന് പറയുന്നത്.

ഇത്തവണ അങ്ങനെയൊന്ന് എമ്പുരാനില്‍ കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് കിട്ടിയില്ല. പൂര്‍ണമായും കിട്ടിയില്ലെന്ന് പറയാനാകില്ല. ചെറിയ തോതില്‍ മാത്രമേ കിട്ടിയുള്ളൂ. കനകകുന്ന് പാലസിലായിരുന്നു ആ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തത്. പാലസിലേക്ക് ഒരു കാറിന് വരണമെങ്കില്‍ അങ്ങനെ മാത്രമേ വരാന്‍ പറ്റുകയുള്ളൂ.

അന്ന് കാറ് വരുന്നത് കണ്ടതും ഞങ്ങള്‍ പറഞ്ഞു ‘ലാല്‍ സാര്‍ വരുന്നത് പോലെ തന്നെയുണ്ടല്ലോ’യെന്ന്. ഒരു വളവും ചെരിവുമൊക്കെയായിട്ട് കാറിന്റേത് ഒരു മാസ് എന്‍ട്രിയായിരുന്നു.

അന്ന് ഞങ്ങള്‍ തന്നെ ഒന്ന് ഞെട്ടിയിരുന്നു. ആ ലൊക്കേഷന് പകരം വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഒരിക്കലും ഈ ചെരിവ് കിട്ടില്ലായിരുന്നു,’ സുജിത് വാസുദേവ് പറഞ്ഞു.

Content Highlight: Sujith Vasudev Talks About Lucifer Movie’s Mohanlal Intro Scene