കൊച്ചിയിലും ലക്ഷദ്വീപിലുമായി ഷൂട്ടിങ് നടന്ന ചിത്രമായിരുന്നു അനാര്‍ക്കലി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് ഇത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് അനാര്‍ക്കലി.
2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. രാജീവ് നായര്‍ നിര്‍മിച്ച ചിത്രത്തില്‍ ബിജു മേനോന്‍, കബീര്‍ ബേദി, പ്രിയാല്‍ ഗോര്‍, മിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
അനാര്‍ക്കലി സിനിമയെ കുറിച്ച് പറയുകയാണ് ഛായാഗ്രാഹകനും സിനിമ സംവിധായകനുമായ സുജിത്ത് വാസുദേവ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ സ്വിമിങ് പൂളില്‍ നെഞ്ചോളമുള്ള വെള്ളത്തില്‍ മാത്രമേ നിന്നിട്ടുള്ളു. കുളത്തില്‍ പോലും ഇറങ്ങാറില്ല. എനിക്ക് വെള്ളം പേടിയാണ്. അതിന് പല കാരണങ്ങളും ഉണ്ട്. എന്റെ അച്ഛന്‍ എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അന്ന് ഞാന്‍ വളരെ ചെറുതായിരുന്നു.
ഞാന്‍ അന്ന് നീന്തല്‍ പഠിച്ചില്ല. പിന്നെ ഞാന്‍ തന്നെ സ്വിമ്മിങ് പൂളില്‍ പോയി സ്വയം പ്രാക്ടീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സ്വിമ്മിങ് പൂളിലെ വെള്ളം എനിക്ക് പേടിയില്ല. എന്നാല്‍ അതിനപ്പുറമുള്ള എല്ലാ വെള്ളവും എനിക്ക് പേടിയാണ്.
എന്നിട്ടും അനാര്‍ക്കലി എന്ന സിനിമയില്‍ കടലിന്റെ അടിയിലെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ചെയ്തത് ഞാനാണ്. കടലിന്റെ അടിയില്‍ 23 മീറ്റര്‍ പോയിട്ടാണ് അത് ഷൂട്ട് ചെയ്തത്. സ്വിമ്മിങ് പൂളിലെ അവരുടെ പ്രണയവും ഞാനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.
അതൊക്കെ അങ്ങ് ചെയ്യുകയെന്നേയുള്ളൂ. അത് വേറെ ഒരാള്‍ ചെയ്താല്‍ എനിക്ക് സംതൃപ്തി തോന്നില്ല. ഞാന്‍ അതിന് വേണ്ടി പ്രത്യേകം ട്രെയിനിങ് എടുക്കുകയായിരുന്നു. ലക്ഷദ്വീപിലെ ബീച്ചിലുള്ളവരാണ് ട്രെയിനിങ് തന്നത്.
എനിക്കും പൃഥ്വിരാജിനും അവര്‍ ട്രെയിനിങ് തന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അണ്ടര്‍ വാട്ടര്‍ പോകാനുള്ള സര്‍ട്ടിഫിക്കറ്റുണ്ട്. ടെസ്റ്റൊക്കെ എഴുതിയാണ് ആ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത്. പ്രാക്ടിക്കലും ഉണ്ടായിരുന്നു. സിനിമക്ക് വേണ്ടിയാകുമ്പോള്‍ ഇതൊന്നും ചെയ്യാന്‍ ഒരു മടിയും ഉണ്ടാകില്ല,’ സുജിത്ത് വാസുദേവ് പറഞ്ഞു.
CONTENT HIGHLIGHT: Sujith Vasudev Talks About Anarkkali Movie And Prithviraj Sukumaran